പതിനൊന്ന് വര്‍ഷം കഴിഞ്ഞിട്ടും ആന്‍ അഗസ്റ്റിന്‍ 'ഉപേക്ഷിക്കാത്ത' കഥാപാത്രം; പ്രിയ സിനിമയെ കുറിച്ച് വാചാലയായി താരം

ശനി, 3 ജൂലൈ 2021 (09:32 IST)
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയിച്ച സിനിമകളെയും അതിലെ കഥാപാത്രങ്ങളെയും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന താരങ്ങള്‍ നിരവധിയാണ്. ചില കഥാപാത്രങ്ങള്‍ അത്രമേല്‍ പ്രിയപ്പെട്ടതാകാന്‍ ഓരോ അഭിനേതാക്കള്‍ക്കും വ്യക്തിപരമായ ചില കാരണങ്ങള്‍ ഉണ്ടായിരിക്കും. അത്തരമൊരു കഥാപാത്രത്തെ കുറിച്ച് തുറന്നുപറയുകയാണ് പ്രിയനടി ആന്‍ അഗസ്റ്റിന്‍. 
 
ലാല്‍ ജോസ് ചിത്രം 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ എന്ന നടി മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. നായകനായി അഭിനയിച്ച കുഞ്ചാക്കോ ബോബനെ പോലും കവച്ചുവയ്ക്കുന്ന പ്രകടനമായിരുന്നു സിനിമയില്‍ ആന്‍ അഗസ്റ്റിന്റേത്. 11 വര്‍ഷം മുന്‍പ് റിലീസ് ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പഴയ ചിത്രങ്ങള്‍ സഹിതം പങ്കുവച്ച് ആന്‍ അഗസ്റ്റിന്‍ പറയുന്നു. 
 
'2010 ല്‍, ഈ സമയത്താണ് ഞാന്‍ എല്‍സമ്മയെ കണ്ടുമുട്ടിയതും തുടര്‍ന്ന് ഒരു മാസത്തിലേറെ എല്‍സമ്മയായി മാറിയതും. ഞാന്‍ ഇപ്പോഴും എല്‍സമ്മയെയും പാലുണ്ണിയെയും കുറിച്ച് ആലോചിക്കാറുണ്ട്. അവര്‍ ഇപ്പോഴും ഒരുമിച്ചാണെന്നും അവരുടേതായ ചെറിയൊരു സ്ഥലത്ത് വളരെ സന്തോഷത്തോടെ ജീവിക്കുകയാണെന്നും എനിക്ക് ഉറപ്പുണ്ട്. ഒരു പതിറ്റാണ്ടിന് ശേഷവും എല്‍സമ്മയുടെ ഒരു ഭാഗം എന്നില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. എന്റെ നല്ലതിനായി ആഗ്രഹിക്കുകയും എനിക്ക് വളരെയധികം സ്‌നേഹവും പിന്തുണയും നല്‍കുകയും ചെയ്ത നിങ്ങള്‍ എല്ലാവരും അത് തുടരുമല്ലോ. ഞാന്‍ നിങ്ങളോട് എല്ലാം കടപ്പെട്ടിരിക്കുന്നു. സിനിമയും എന്റെ ഭാഗമാകും. തന്നേക്കാള്‍ സിനിമയെ സ്‌നേഹിച്ച അച്ചനെപ്പോലെ...,' ആന്‍ അഗസ്റ്റിന്‍ കുറിച്ചു. 
 
സംവിധായകന്‍ ലാല്‍ ജോസ്, നടന്‍മാരായ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഈ കുറിപ്പിനൊപ്പം എല്‍സമ്മ പങ്കുവച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍