അമല പോള്‍ അപകര്‍ഷതയുള്ള പെണ്‍കുട്ടി!

Webdunia
ചൊവ്വ, 13 മെയ് 2014 (19:01 IST)
അമല പോള്‍ ഇപ്പോള്‍ വിവാഹത്തിരക്കിലാണ്. ജൂണ്‍ 12നാണ് സംവിധായകന്‍ എ എല്‍ വിജയും അമലയും വിവാഹിതരാകുന്നത്. എന്നാല്‍ അതിന് മുമ്പ്, തന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്‍റെ ത്രില്ലിലാണ് അമല.
 
‘മിലി’ എന്ന പുതിയ സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. ട്രാഫിക് എന്ന വിസ്മയ ചിത്രം ഒരുക്കിയ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. തിരക്കഥ മഹേഷ് നാരായണന്‍.
 
“ഏറെ അപകര്‍ഷതയുള്ള പെണ്‍കുട്ടിയാണ് ചിത്രത്തിലെ നായികാ കഥാപാത്രം. എങ്ങനെ അവള്‍ ജീവിതത്തില്‍ മുന്നേറുന്നു എന്നാണ് ചിത്രം കാണിച്ചുതരുന്നത്. ഞാന്‍ എന്ന വ്യക്തിയുമായി ഒട്ടും സാമ്യതയില്ലാത്ത വേഷം. ഞാന്‍ വളരെ ആവേശത്തിലാണ്” - അമല പോള്‍ പറയുന്നു.
 
ഈ മാസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി അമല വീണ്ടും വിവാഹത്തിരക്കിലേക്ക് പ്രവേശിക്കും. റണ്‍ ബേബി റണ്‍, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ മെഗാഹിറ്റുകള്‍ സമ്മാനിച്ച അമലയ്ക്ക് മിലിയും വന്‍ വിജയമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.