എന്തിനാണ് ആ സിനിമ പോയി ചെയ്തത്, തഗ്ലൈഫിൽ അഭിനയിച്ചതിൽ പലരും കുറ്റപ്പെടുത്തിയെന്ന് അലി ഫസൽ

അഭിറാം മനോഹർ

വ്യാഴം, 17 ജൂലൈ 2025 (19:19 IST)
Ali Fazal
കമല്‍ഹാസനെ നായകനാക്കി മണിരത്‌നം ഒരുക്കിയ തഗ്ലൈഫ് ഒരുപാട് പ്രേക്ഷകപ്രതീക്ഷകള്‍ക്കിടയില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു. തമിഴിലെ 2 വമ്പന്‍താരങ്ങളായ സിലമ്പരസനും കമല്‍ഹാസനും ഒരുമിച്ച് അഭിനയിക്കുന്നു എന്നതിന് പുറമെ നായകന്‍ എന്ന ക്ലാസിക് സിനിമയ്ക്ക് ശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിക്കുന്നു എന്നതായിരുന്നു സിനിമയുടെ പ്രത്യേകത. മലയാളത്തില്‍ നിന്നും അഭിരാമിയും ജോജു ജോര്‍ജും ഹിന്ദിയില്‍ നിന്ന് അലി ഫസലുമെല്ലാം സിനിമയില്‍ ഭാഗമായിരുന്നു. എന്നാല്‍ തഗ് ലൈഫ് പുറത്തിറങ്ങിയതോടെ സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അലി ഫസല്‍. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോടായിരുന്നു അലി ഫസലിന്റെ പ്രതികരണം.
 
ആ സിനിമ ഇതുവരെയും ഞാന്‍ കണ്ടിട്ടില്ല. മണിരത്‌നം സിനിമകളോടുള്ള ഇഷ്ടം കാരണമാണ് അങ്ങനെ ഒരു സിനിമ ചെയ്തത്. സിനിമ കണ്ട ഒരുപാട് സുഹൃത്തുക്കളും ആരാധകരും എന്തിനാണ് ആ സിനിമ ചെയ്തതെന്ന് എന്നോട് ചോദിക്കാറുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ മണി സാറിന്റെ ലോകത്തോടുള്ള ഇഷ്ടം കാരണമാണ് ആ സിനിമ ച്യെതത്. സിനിമ ബോക്‌സോഫീസില്‍ വിജയിച്ചില്ല. അതിനാല്‍ തന്നെ ഇത്തരം ചോദ്യങ്ങളോട് അത് കുഴപ്പമില്ല എന്ന മറുപടിയാണ് നല്‍കാറുള്ളത്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായത് വളരെ നല്ല അനുഭവമായിരുന്നു. മണിസാറിന്റെ കാഴ്ചപ്പാടിനെ ഞാന്‍ ചോദ്യം ചെയ്യില്ല. അവരാണ് കഥ തയ്യാറാക്കിയത്. നിര്‍മാണഘട്ടത്തില്‍ ഒരുപാട് മാറ്റങ്ങളിലൂടെ അത് കടന്നുപോയി. സത്യത്തില്‍ അത്രയെ ഉള്ളു. അതൊരു കഴിഞ്ഞ അദ്ധ്യായമാണ്. വീണ്ടും ഒരു മണിരത്‌നം സിനിമയില്‍ അവസരം ലഭിച്ചാല്‍ അതില്‍ ഭാഗമാകും. അലി ഫസല്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍