കമല്ഹാസന്- മണിരത്നം സിനിമയായ തഗ് ലൈഫിന്റെ ഓഡിയോ റിലീസിനിടെയുണ്ടായ വിവാദ പ്രസ്താവനയെ തുടര്‍ന്ന് കര്‍ണാടകയില്‍ സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കര്‍ണാടക ഫിലിം ചേംബര്‍. സിനിമ ജൂണ്‍ അഞ്ചിന് റിലീസ് ചെയ്യാനിരിക്കെ നിരോധന തീരുമാനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കമല്ഹാസന് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. രൂക്ഷഭാഷയിലാണ് കമല്‍ഹാസന്റെ ഹര്‍ജിക്കെതിരെ കോടതി പ്രതികരിച്ചത്.
നിങ്ങള്‍ കമല്‍ഹാസനോ മറ്റാരോ ആകാം. എന്നാല്‍ ജനങ്ങളുടെ ഭാഷാഭിമാനത്തെ വേദനിപ്പിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് കോടതി തുറന്നടിച്ചു. വിഷയത്തില്‍ ഒരു ക്ഷാമപണമുണ്ടായിരുന്നുവെങ്കില് പ്രശ്നം തീരുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട കോടതി രൂക്ഷഭാഷയില്‍ താരത്തെ വിമര്‍ശിച്ചു. നിങ്ങളുടെ പദവിയും പ്രശസ്തിയും നിങ്ങളുടെ ഉത്തരവാദിത്തമാണെന്നത് മറക്കരുത്. പൊതുജനങ്ങളുടെ ആത്മാഭിമാനവുമായി കളിക്കാന്‍ ആര്‍ക്കും അവകാശമില്ല. രാജ്യത്തിന്റെ വിഭജനരേഖകള്‍ ഭാഷയെ അടിസ്ഥാനമാക്കിയുള്ളതാണ്.നിങ്ങള്‍ പറയുന്നത് ചരിത്രമാണോ?, താങ്കള്‍ ഭാഷപണ്ഡിതനോ ചരിത്രകാരനോ ആണോ? കേസ് പരിഗണിക്കവെ ജസ്റ്റിസ് എം നാഗപ്രസന്ന ചോദിച്ചു.
കര്‍ണാടകയില്‍ സിനിമയ്ക്കേര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സീനിയര്‍ അഭിഭാഷകനായ ധ്യാന്‍ ചിന്നപ്പയാണ് രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിനായി ഹാജരായത്. കമല്‍ഹാസന്റെ പ്രസ്താവനയുടെ സാഹചര്യം മനസിലാക്കണമെന്നും കമല്‍ പറഞ്ഞതിന്റെ അര്‍ഥം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും താരത്തിന്റെ അഭിഭാഷകന് പറയുന്നു. കോടതിയുടെ ഇതിനുള്ള മറുപടി ഇങ്ങനെ. ഇത് മണിരത്നം സംവിധാനം ചെയ്ത സിനിമയെന്ന് നിങ്ങള്‍ പ്രാധാന്യത്തോടെ പറയുന്നു. എന്നാല്‍ ക്ഷാമാപണം നടത്താന്‍ നിങ്ങള്‍ക്ക് വയ്യ. നിങ്ങളുടെ ചിത്രത്തിന് സംരക്ഷണം തേടുമ്പോള്‍ ജനങ്ങളുടെ വികാരം മാനിക്കേണ്ടതില്ലെ, മനുഷ്യരുടെ വികാരങ്ങള്‍ക്കും ഭാഷയുടെ മഹത്വത്തിനും ഉന്നതമായ സ്ഥാനമണുള്ളത്. വെറും ഒരു പ്രസ്താവനയുടെ പേരിലുള്ള അസ്വസ്ഥതയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. 75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ ഒരു പ്രസ്താവന നടത്തി ശ്രീ രാജഗോപാല്‍ ആചാരി ക്ഷമാപണം നടത്തി.ഇപ്പോഴും ക്ഷമാപണമാണ് യുക്തിപരമായ നടപടി.കോടതി പറഞ്ഞു.