‘റ്റൂ ബാഡ്...വി വിൽ മിസ് യു കമല!’ ...അമേരിക്കൻ പ്രസിഡന്റിന്റെ ട്വീറ്റ് കണ്ട് മലയാളി പ്രേക്ഷകർ അമ്പരന്നു. കാരണം, വേറൊന്നുമല്ല അജു വർഗീസിനെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് കമല. ഈ ചിത്രത്തെ ഉദ്ദേശിച്ചാണോ ട്രംപിന്റെ ട്വീറ്റെന്നായി മലയാളികൾ. എന്തായാലും വെറുതെ പ്രമോഷൻ കിട്ടിയതല്ലേ, ഇരിക്കട്ടെ എന്ന് വിചാരിച്ച് അജുവും സംവിധായകനും ട്രംപിന്റെ പോസ്റ്റ് ഷെയർ ചെയ്തു.
അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഡെമോക്രാറ്റ് വനിത അംഗവും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ് പിന്‍മാറിയതുമായി ബന്ധപ്പെട്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്. ട്രംപിന്റെ പരിഹാസത്തിനു അതേ നാണയത്തിൽ കമലയും മറുപടി നൽകി. ‘വിഷമിക്കേണ്ടതില്ല പ്രസിഡൻറ്. നിങ്ങളുടെ വിചാരണക്ക് നേരിൽ കാണാം’ - എന്നായിരുന്നു കമലയുടെ ട്വീറ്റ്.