ഗജനി സിനിമയുടെ ചില പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തുകയാണ് സംവിധായകൻ എ.ആർ മുരുഗദോസ്. താൻ സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ഗജിനി എന്ന ചിത്രം ആദ്യം ചെയ്യേണ്ടിയിരുന്നത് അജിത് കുമാറായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അജിത്തിനെ വെച്ച് ചിത്രം രണ്ട് ദിവസത്തോളം ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നുവെന്നും മുരുഗദോസ് പറയുന്നു. ശിവകാർത്തികേയനെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസിയുടെ പ്രമോഷണൽ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
'അജിത്കുമാറിനെ വെച്ചാണ് ഗജിനി തുടങ്ങിയത്. എന്നാൽ മറ്റ് ചില ചിത്രങ്ങളും അദ്ദേഹത്തിന് ഒരേ സമയം ചെയ്യേണ്ടിയിരുന്നു. ആര്യ അഭിനയിച്ച നാൻ കടവുൾ എന്ന ചിത്രം ആദ്യമായി ചെയേണ്ടിയിരുന്നത് അജിത്കുമാറായിരുന്നു. അതിനായി അദ്ദേഹം മുടി വളർത്തിക്കൊണ്ടിരുന്ന സമയമായതിനാൽ ഗജിനിക്ക് വേണ്ടി തല മൊട്ടയടിക്കാൻ സാധ്യമല്ലായിരുന്നു. അതാണ് പ്രധാന കാരണം.
എന്നാൽ നോർമൽ ലുക്കിലുള്ള സഞ്ജയ് രാമസ്വാമിയെന്ന കഥാപാത്രമായി അദ്ദേഹം രണ്ട് ദിവസം അഭിനയിച്ച ഫുട്ടേജ് ഞാനിപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അന്ന് ആ ചിത്രം നടക്കാതെ താമസം നേരിട്ടതിനാൽ പിനീട് തിരക്കഥയിൽ വീണ്ടും കുറെ നല്ല മാറ്റങ്ങൾ ഉണ്ടാക്കിയ. ഒരു തരത്തിൽ അത് ചിത്രത്തിന് ഗുണമേകി', അദ്ദേഹം പറഞ്ഞു.