52 വയസ്സുള്ള എന്നോട് ഇങ്ങനെയാണെങ്കിൽ നാട്ടിലെ മറ്റ് പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും?

ബുധന്‍, 19 ഏപ്രില്‍ 2023 (17:16 IST)
ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തനിക്ക് അശ്ലീലസന്ദേശം അയച്ച് ശല്യപ്പെടുത്തുന്നവർക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി ഐശ്വര്യ ഭാസ്കരൻ. 52 വയസ്സുള്ള തന്നോട് ഇങ്ങനെയാണെങ്കിൽ നാട്ടിലെ മറ്റ് പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഐശ്വര്യ ചോദിക്കുന്നു. അശ്ലീല സന്ദേശം അയച്ചവരുടെ ഫോട്ടോയും സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും സഹിതം തൻ്റെ യൂട്യൂബ് ചാനലിൽ വെളിപ്പെടുത്തികൊണ്ടാണ് ഐശ്വര്യ ഇക്കാര്യങ്ങൾ പറഞ്ഞത്.
 
തൻ്റെ ബ്രാൻഡിലുള്ള സോപ്പ്,മറ്റ് സൗന്ദര്യവസ്തുക്കൾ എന്നിവയുടെ പ്രചാരണത്തിനായാണ് താരം യൂട്യൂബ് ചാനൽ ആരംഭിച്ചത്. ഓർഡറുകൾ സ്വീകരിക്കാനായി വാട്ട്സാപ്പ് നമ്പർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നമ്പറിലേക്ക് അശ്ലീല സന്ദേശങ്ങൾ സ്ഥിരമായി ലഭിക്കുകയാണ് ഉണ്ടായത്. ഇക്കാര്യങ്ങളെ പറ്റി സംസാരിക്കണമെന്ന് കരുതിയതല്ല, ഇത് മകളെ കൂടി ബാധിക്കുന്നതിനാലാണ് ഇത്തരത്തിലൊരു വീഡിയോ ചെയ്യുന്നത്. താരം പറഞ്ഞു.
 
വയസ്സായാലും ശരീരം ഇപ്പോഴും ചെറുപ്പമാണ്, ഞാൻ അങ്ങോട്ട് വരട്ടെ എന്നൊക്കെ ചോദിച്ചുള്ള ചോദ്യങ്ങൾക്ക് അതേ നാണയത്തിലാണ് താരം മറുപടി നൽകുന്നത്. വേറെ കുറെ ആളുകൾ തങ്ങളുടെ സ്വകാര്യഭാഗങ്ങൾ ഫോട്ടോ എടുത്ത് അയക്കുന്നുവെന്നും ഐശ്വര്യ തെളിവ് സഹിതം തൻ്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നു. എനിക്ക് 52 വയസ്സായി മകളെ കല്യാണം കഴിപ്പിച് കൊടുത്ത് മുത്തശ്ശിയാവാൻ പോകുന്നു. ആ എന്നോട് ഇങ്ങനെയാണെങ്കിൽ ഈ നാട്ടിലെ മറ്റ് പെൺകുട്ടികളുടെ അവസ്ഥ എന്ത് ഭീകരമായിരിക്കും. ഇതിന് ഒരു അവസാനം വേണം. താരം പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍