New OTT Releases: നീണ്ട കാത്തിരിപ്പിന് ശേഷം ആ ടൊവിനോ ചിത്രം ഒ.ടി.ടിയിലേക്ക്; പുത്തൻ റിലീസുകൾ എന്തൊക്കെയെന്ന് നോക്കാം

നിഹാരിക കെ.എസ്

വ്യാഴം, 7 ഓഗസ്റ്റ് 2025 (17:02 IST)
ഓ​ഗസ്റ്റിൽ കൈ നിറയെ ചിത്രങ്ങളാണ് ഒടിടിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. വിവിധ പ്ലാറ്റ്ഫോമുകളായി നിരവധി മലയാളം ചിത്രങ്ങളും ഈ വാരാന്ത്യം റിലീസിനെത്തുന്നുണ്ട്. ഈ വാരം ഒടിടിയിലെത്തുന്ന പുത്തൻ റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കാം. ടൊവിനോ തോമസിന്റെ നടികർ മുതൽ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ റിലീസ് ആയ ജെ.എസ്.കെ വരെ ഈ കൂട്ടത്തിലുണ്ട്. 
 
ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണ് നടികർ. 2024 മെയ് മാസത്തില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. സൈന പ്ലേയിലൂടെ ഓഗസ്റ്റ് 8 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
 
ദിലീഷ് പോത്തനെ നായകനാക്കി ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്ത ചിത്രമാണ് കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ മനസാ വാചാ. മുഴുനീള കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മനോരമ മാക്സിലൂടെ ഓഗസ്റ്റ് 9 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും.
 
വി ജി ജയകുമാര്‍ നിര്‍മ്മിച്ച് ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഏത് നേരത്താണാവോ. ഓഗസ്റ്റ് 8 മുതൽ മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
 
സൂരിയും ഐശ്വര്യ ലക്ഷ്മിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ തമിഴ് ചിത്രമാണ് മാമൻ. പ്രശാന്ത് പാണ്ഡ്യരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ. മേയ് 16നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ഓഗസ്റ്റ് 8 മുതൽ ചിത്രം സീ 5ൽ സ്ട്രീമിങ് ആരംഭിക്കും.
 
പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നാണ് അനശ്വര രാജൻ നായികയായ വ്യസനസമേതം ബന്ധുമിത്രാദികൾ. ഒരു മരണവീട്ടിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രം. അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായ സിനിമ ഓഗസ്റ്റ് 14 മുതൽ മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
 
ആദി പിനിഷെട്ടി, ചൈതന്യ റാവു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് മായാസഭ. ദിവ്യ ദത്ത, സായ് കുമാർ, നാസർ, രവീന്ദ്ര വിജയ്, ശ്രീകാന്ത് അയ്യങ്കാർ, ശത്രു, താന്യ രവിചന്ദ്രൻ എന്നിവരും പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇന്ന് മുതൽ സീരിസ് സോണി ലിവിലൂടെ കാണാനാകും.
 
ആന്ധ്ര പ്രദേശിൽ നിന്നുള്ള ഒരു കൂട്ടം മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന വെബ് സീരിസാണ് അറബ്യേ കടലൈ. സർവൈവൽ ത്രില്ലറായാണ് സീരിസ് പ്രേക്ഷകരിലേക്കെത്തുക. ആമസോൺ പ്രൈം വിഡിയോയിലൂടെ സീരിസ് ഓ​ഗസ്റ്റ് 8 മുതൽ സ്ട്രീം ചെയ്ത് തുടങ്ങും.
 
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ‘ജെഎസ്കെ- ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ഒടിടി റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 15 മുതൽ സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍