മുത്തുമണി ഒരു 'മുത്തുമണി' തന്നെ, ഇനി ഡോ. മുത്തുമണി

നിഹാരിക കെ.എസ്

ശനി, 10 മെയ് 2025 (12:44 IST)
നടി മുത്തുമണിക്ക് ഡോക്ടറേറ്റ് ലഭിച്ചു. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നിന്നാണ് മുത്തുമണി സോമസുന്ദരം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. സിനിമയിലെ പകര്‍പ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ് പിഎച്ച്ഡി നേടിയത്. അഭിനേത്രിയും അഡ്വക്കേറ്റുമായ മുത്തുമണി നിയമത്തിൽ ഡോക്ടറേറ്റ് എടുത്ത് ഒരിക്കൽ കൂടി മിടുക്ക് തെളിയിച്ചിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ടൊരു വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്.
 
ഏഴു വര്‍ഷത്തോളം നീണ്ട ഗവേഷണത്തിനൊടുവിലാണ് മുത്തുമണി പിഎച്ച്ഡി സ്വന്തമാക്കിയത്. അതും ഏറെ ഗഹനമായ പഠനം അനിവാര്യമായ ഒരു വിഷയത്തില്‍. 'ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടെയും എഴുത്തുകാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ 1957 ലെ പകര്‍പ്പവകാശ നിയമത്തിന്റെ പ്രസക്തി' എന്ന വിഷയത്തിലായിരുന്നു പഠനം. ഡോ:കവിത ചാലയ്ക്കലിന്റെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. കുസാറ്റിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസിലായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്.
 
മോഹന്‍ലാല്‍ നായകനായെത്തിയ രസതന്ത്രം എന്ന ചിത്രത്തിലൂടയാണ് മുത്തുമണി അഭിനയ രംഗത്തേക്ക് എത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രത്തില്‍ നായകകഥാപാത്രത്തെ പ്രണയിക്കുന്ന കഥാപാത്രമായാണ് സിനിമാ പ്രവേശം. നിരവധി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ച മുത്തുമണി അഭിനയത്തോടൊപ്പം പഠനവും തുടര്‍ന്നു. കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, ഹൌ ഓള്‍ഡ് ആര്‍ യു, ഒരു ഇന്ത്യന്‍ പ്രണയകഥ, ഞാന്‍ ,ലൂക്കാ ചുപ്പി എന്നീ ചിത്രങ്ങളിലാണ് ശ്രദ്ധേയമായ വിവിധ വേഷങ്ങള്‍ ചെയ്തത്. നേരത്തെ എല്‍ എല്‍ ബി ഹോൾഡറാണ് മുത്തുമണി. സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ പി ആര്‍ അരുണ്‍ ആണ് ഭര്‍ത്താവ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍