'ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ' എന്ന ലേബലിൽ അറിയപ്പെടാൻ തനിക്ക് ആഗ്രഹമില്ലെന്ന് നടൻ ആസിഫ് അലി. നമ്മുടെ എല്ലാവരുടെയും വളർച്ചയുടെ പല ഘട്ടങ്ങളിലും ചുറ്റുമുള്ളവരുടെ പിന്തുണയും സ്നേഹവും ലഭിച്ചിട്ടുണ്ടാകുമെന്നിരിക്കെ അത്തരത്തിൽ പ്രയോഗങ്ങൾക്ക് പ്രസക്തിയില്ലെന്ന് നടൻ പറഞ്ഞു. പുതിയ ചിത്രമായ സർക്കീട്ടിൻറെ പ്രമോഷന്റെ ഭാഗമായി ഒരു സ്കൂളിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ എന്ന പ്രയോഗത്തിന് ഒരു വിലയുമില്ല. നമ്മൾ എല്ലാവരും ഇന്ന് നിൽക്കുന്ന സ്റ്റേജിൽ എത്താനുള്ള കാരണം നമ്മുടെ ചുറ്റും ഉള്ളവരും നമ്മളെ സ്നേഹിച്ചവരും നമ്മളെ പിന്തുണച്ചവരുമാണ്. അപ്പോൾ ഒരുപാട് പേരുടെ, ഞാൻ ചെറുപ്പത്തിൽ കണ്ട എൻറെ സുഹൃത്തുക്കൾ മുതൽ എൻറെ മാതാപിതാക്കൾ മുതൽ എൻറെ അധ്യാപകർ മുതൽ.. നിങ്ങൾ കാണിക്കുന്ന ഈ സ്നേഹത്തിന് അർഹനായി ഞാൻ ഇവിടെ നിൽക്കുന്നതിൽ അവരുടെ എല്ലാവരുടെയും പിന്തുണയുണ്ട്. അതുകൊണ്ട് ഒരിക്കലും ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ എന്നുള്ള ഒരു ലേബലിൽ അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല,' ആസിഫ് അലി പറഞ്ഞു.
അതേസമയം സർക്കീട്ട് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടുന്നത്. 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന ചിത്രമാണ് സർക്കീട്ട്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ദിവ്യ പ്രഭ, ദീപക് പറമ്പോൽ, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.