നടൻ വിജയ്‌ക്കെതിരെ രഞ്ജിത്ത്. വിജയ്‌യുടെ മുഖത്തടിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടന്‍ രഞ്ജിത്ത്. നടനും ടിവികെ നേതാവുമായ വിജയ് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് രഞ്ജിത്തിനെ ചൊടിപ്പിച്ചത്. മോദിയെക്കുറിച്ച് മോശമായി സംസാരിക്കുന്നതിന് വിജയ്ക്ക് അടി കൊടുക്കണമെന്നാണ് രഞ്ജിത്ത് പറഞ്ഞത്. കോയമ്പത്തൂരില്‍ ഹിന്ദുമുന്നണിയുടെ വിനായക ചതുര്‍ത്ഥി ഷോഷയാത്രയില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.
വിജയിയുടെ തലയ്ക്ക് നല്ല സുഖമില്ല. 2014 ഏപ്രില്‍ 16ന് മോദിയെ കാണാന്‍ കൊയമ്പത്തൂരില്‍ ഒരു പൂച്ചക്കുട്ടിയെപ്പോലെയാണ് വിജയ് വന്നിരുന്നത്. എന്നാല്‍ അതെല്ലാം മറന്ന് കൈ ചുഴറ്റി മിസ്റ്റര്‍ മോദി എന്നാണ് ഇന്ന് വിളിക്കുന്നതെന്നും രഞ്ജിത്ത് പറയുന്നു. വിജയ് പറയുന്നത് മുസ്ലിം സമൂഹത്തെ മോദി വഞ്ചിച്ചുവെന്നാണ്. അങ്ങനെ ഒരാളെ കാണാന്‍ എന്തിന് വന്നു? ഇതാണോ സംസ്‌കാരം? എന്നും രഞ്ജിത്ത് ചോദിക്കുന്നു.
മുഖ്യമന്ത്രി സ്റ്റാലിനെ അങ്കിള്‍ എന്നും പ്രധാനമന്ത്രിയെ മിസ്റ്റര്‍ എന്നുമാണ് വിജയ് അഭിസംബോധന ചെയ്യുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.
പ്രശസ്തിക്കായും തൊഴില്‍ ഇല്ലാത്തതു കൊണ്ടുമല്ല താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നാണ് വിജയ് പറയുന്നത്. എന്നാല്‍ സിനിമയില്ലാതെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് ആരാണ്? എംജിആറോ? ജയലളിതയോ? അതോ ക്യാപ്റ്റന്‍ വിജയ്കാന്തോ? ഇവരാരുമല്ല. കമല്‍ഹാസനെ ഉദ്ദേശിച്ചായിരിക്കാം വിജയ് പറഞ്ഞതെന്നും രഞ്ജിത്ത് പറയുന്നുണ്ട്.
'2014-ല്‍ കോയമ്പത്തൂരിലെ കൊഡീഷ്യ മൈതാനത്ത് ഒരു പ്രചാരണ യോഗം നടന്നു. ആ സമയത്ത്, നടന്‍ വിജയ് കൈകള്‍ കൂപ്പി പൂച്ചക്കുട്ടിയെപ്പോലെ ഇരിക്കുകയായിരുന്നു. ഇപ്പോള്‍, അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ചോദിക്കുന്നു, മോദി തന്റെ മുസ്ലിം സഹോദരങ്ങളെയും ഇസ്ലാം മതത്തെയും ഒറ്റിക്കൊടുക്കാന്‍ വന്നതാണോ എന്ന്. എന്നാല്‍ അന്ന് കൊഡീഷ്യ മൈതാനത്ത് നിങ്ങള്‍ എന്ത് ആവശ്യമാണ് മുന്നോട്ടുവെച്ചത്?'' എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
''കച്ചത്തീവ് പുനഃസ്ഥാപിക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചിരുന്നോ, മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ച് നിങ്ങള്‍ ചോദിച്ചിരുന്നോ, വിദ്യാഭ്യാസത്തില്‍ തുല്യത ആവശ്യപ്പെട്ടിരുന്നോ, അല്ലെങ്കില്‍ വ്യാജ മദ്യ നിര്‍മാണം വര്‍ദ്ധിച്ചുവെന്നും അത് നിര്‍ത്തണമെന്നും നിങ്ങള്‍ പറഞ്ഞിരുന്നോ?. സഹോദരന്‍ വിജയ് പല കാര്യങ്ങളും മറന്നുപോയതായി തോന്നുന്നു. അദ്ദേഹത്തിന്റെ തലച്ചോറിന് എന്തോ കുഴപ്പമുണ്ടെന്ന് ഞാന്‍ കരുതുന്നു'' എന്നും രഞ്ജിത്ത് തുറന്നടിക്കുന്നുണ്ട്.
വിജയ് പഴയതൊന്നും മറക്കാന്‍ പാടില്ല. താനും വോട്ടറാണ്, പൗരനാണ്. പ്രധാനമന്ത്രി പിതൃതുല്യനാണ്. അദ്ദേഹത്തെ കൈ ഞൊടിച്ച് മോശമായി സംസാരിക്കുമ്പോഴെല്ലാം ഹൃദയം വേദനിച്ചുവെന്നും രഞ്ജിത്ത് പറഞ്ഞു.