2024ലെ ആദ്യത്തെ വമ്പന്‍ റിലീസായി തിയേറ്ററുകളിലെത്തുന്ന സിനിമയാണ് ജയറാമിനെ നായകനാക്കി മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്ലര് എന്ന ചിത്രം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളസിനിമയില്‍ ജയറാമിന്റെ തിരിച്ചുവരവാകും ചിത്രമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇമോഷണല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസിനെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും സിനിമയിലുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്തിയിട്ടുണ്ട്.
ഇതോടെ റിലീസിന് മുന്‍പായുള്ള പ്രീ സെയില്‍ ബിസിനസില്‍ വമ്പന്‍ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി ഒന്‍പതിനായിരുന്നു ഓസ്ലറിന്റെ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് മുതല്‍ തന്നെ മികച്ച പ്രതികരണമാണ് ഓസ്ലര് നേടിയത്. ഇന്നലെ ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം 57.28 ലക്ഷമാണ് പ്രീ ബുക്കിംഗിലൂടെ സിനിമ നേടിയത്. ഇത് ഒരു റിലീസോടെ ഒരു കോടി കവിയുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് മോഹന്‍ലാല്‍ ചിത്രമായ നേരിന്റെ പ്രീ സെയില്‍ ബിസിനസ് ഓസ്ലര് എളുപ്പത്തില്‍ തന്നെ മറികടക്കുമെന്ന് ഉറപ്പാണ്. നേരിന് പ്രീ സെയില്‍ ബിസിനസായി നേടാനായത് ഒരു കോടി രൂപയായിരുന്നു.