‘പുതിയ നിയമം’ മഹാനടന്‍ മമ്മൂട്ടിയുടെ മഹാവിജയങ്ങളിലൊന്നാവുകയാണ്. എ കെ സാജന്‍ സംവിധാനം ചെയ്ത ഈ ഫാമിലി ത്രില്ലര്‍ നിര്‍മ്മാതാവിന് കോടികള്‍ ലാഭം നേടിക്കൊടുക്കുമെന്നാണ് വിവരം. സിനിമയുടെ കളക്ഷന്‍ 15 കോടിയും കടന്ന് കുതിക്കുകയാണ്.
സമീപകാലത്ത് ഒരു സിനിമയും ഇത്രയും ആവേശകരമായ പ്രകടനം ബോക്സോഫീസില്‍ കാഴ്ചവച്ചിട്ടില്ല. മമ്മൂട്ടി - നയന്‍താര ജോഡിയുടെ പ്രകടനവും തകര്‍പ്പന്‍ ട്വിസ്റ്റുകളും ഗംഭീര ക്ലൈമാക്സുമാണ് പുതിയ നിയമത്തെ ബ്ലോക് ബസ്റ്ററാക്കി മാറ്റുന്നത്.
ലൂയിസ് പോത്തന്‍ എന്ന നായകകഥാപാത്രത്തെ അനായാസകരമായ അഭിനയചാതുരി കൊണ്ട് മമ്മൂട്ടി ഗംഭീരമാക്കിയപ്പോള്‍ തന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാക്കി വാസുകി അയ്യരെ മാറ്റാന്‍ നയന്‍താരയ്ക്കായി. ഒരു സാധാരണ പ്രതികാരചിത്രമെന്ന് കരുതിയ പ്രേക്ഷകരെ ക്ലൈമാക്സിലെ അസാധാരണമായ ട്വിസ്റ്റിലൂടെ ആവേശത്തിന്‍റെ പരകോടിയിലെത്തിച്ച പുതിയ നിയമത്തിന്‍റെ ഓരോ ഷോ അവസാനിക്കുമ്പോഴും പ്രേക്ഷകര്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആര്‍പ്പുവിളിക്കുന്നു.
വെറും 11 ദിവസങ്ങള്‍ കൊണ്ടുതന്നെ 4050 പ്രദര്‍ശനം പൂര്‍ത്തിയാക്കിയ സിനിമ ആ അര്‍ത്ഥത്തിലും പുതിയ റെക്കോര്‍ഡാണ് സ്ഥാപിക്കുന്നത്. എ കെ സാജന്‍റെ രചനാമികവും സംവിധാനമികവും ഒത്തുചേര്‍ന്നപ്പോള്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഹിറ്റുകളുടെ കൂട്ടത്തില്‍ പുതിയനിയമം ഒന്നാമതായി എഴുതിച്ചേര്‍ക്കപ്പെടുകയാണ്.