“ദൈവത്തെയോര്‍ത്ത് കുടിക്കത്തേയില്ലമ്മച്ചീ” - തോപ്പില്‍ ജോപ്പന്‍ വരുന്നു, പുലിയെ മെരുക്കാന്‍ !

വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (20:18 IST)
മമ്മൂട്ടിയുടെ അടിപൊളി മസാലപ്പടത്തിനായി കാത്തിരുന്നവര്‍ക്ക് ആഘോഷിക്കാം. താരചക്രവര്‍ത്തി തയ്യാറായിക്കഴിഞ്ഞു. നല്ല ഒന്നാന്തരം മസാല എന്‍റര്‍ടെയ്നര്‍ - തോപ്പില്‍ ജോപ്പന്‍ !
 
ജോണി ആന്‍റണിയാണ് ഈ സിനിമയുടെ സംവിധായകന്‍. അടിക്ക് അടി, ഡാന്‍സിന് ഡാന്‍സ്, കോമഡിക്ക് കോമഡി, പാട്ടിനുപാട്ട് - എല്ലാം ഒത്തുചേര്‍ന്ന സിനിമയുടെ തിരക്കഥ നിഷാദ് കോയ.
 
മമ്മൂട്ടി ജോപ്പന്‍ എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം അച്ചായന്‍ വേഷത്തില്‍ മമ്മൂട്ടിക്ക് തകര്‍ത്തഭിനയിക്കാന്‍ സ്പേസുള്ള കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്. വിദ്യാസാഗറാണ് സംഗീതം.
 
ചിത്രത്തിന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്തുവന്നുകഴിഞ്ഞു. മമ്മൂട്ടിയും കവിയൂര്‍ പൊന്നമ്മയുമാണ് ടീസറിലെ പ്രധാന താരങ്ങള്‍. “ദൈവത്തെയോര്‍ത്ത് കുടിക്കത്തേയില്ലമ്മച്ചീ” എന്ന ഡയലോഗ് ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. 
 
തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളുടെ സംവിധായകനാണ് ജോണി ആന്‍റണി. മോഹന്‍ലാലിന്‍റെ പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും ഒരേദിവസം റിലീസ് ചെയ്യും. എന്നാല്‍ തോപ്പില്‍ ജോപ്പന്‍റെ കാര്യത്തില്‍ മമ്മൂട്ടിക്ക് ഒരു പേടിയുണ്ട്. ഒരിക്കലും അത് മോഹന്‍ലാലിന്‍റെ പുലിമുരുകനെയല്ല. ആരാധകരുടെ അമിതപ്രതീക്ഷയെയാണ് മെഗാസ്റ്റാര്‍ പേടിക്കുന്നത്.
 
“തോപ്പില്‍ ജോപ്പനില്‍ നിന്ന് ആരാധകര്‍ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. അതാണ് ഒരു പേടി” - ചിത്രത്തിന്‍റെ ഓഡിയോ റിലീസ് ചടങ്ങില്‍ മമ്മൂട്ടി പറഞ്ഞു. 
 
തോപ്പില്‍ ജോപ്പന്‍ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാവുന്ന ആളാണെന്നും അതുകൊണ്ട് ചിത്രം കാണാന്‍ കുടുംബസമേതം വരാമെന്നും മമ്മൂട്ടി ഉറപ്പുനല്‍കുന്നു. പേരുകേട്ടും പോസ്റ്ററിലെ ടാഗ് കണ്ടും തെറ്റിദ്ധരിക്കേണ്ടെന്ന് മമ്മൂട്ടി പറയുന്നു. ‘50% ലവ്, 50% ആല്‍ക്കഹോള്‍’ എന്നാണ് തോപ്പില്‍ ജോപ്പന്‍റെ ടാഗ് ലൈന്‍.

വെബ്ദുനിയ വായിക്കുക