‘സൌണ്ട് തോമ’യ്ക്ക് പിന്നാലെ ചാക്കോച്ചനും ഫഹദും!

വെള്ളി, 17 മെയ് 2013 (18:53 IST)
PRO
‘സൌണ്ട് തോമ’ വിഷുച്ചിത്രങ്ങളില്‍ മികച്ച വിജയമാണ് നേടിയത്. പടം ശരാശരി നിലവാരം പുലര്‍ത്തുന്നത് മാത്രമാണെങ്കിലും ദിലീപിന്‍റെ താരമൂല്യവും വ്യത്യസ്തമായ പ്രകടനവും ചിത്രത്തിന് ഗുണമായി. കുടുംബപ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതാണ് സിനിമയുടെ ഗംഭീര ബോക്സോഫീസ് പ്രകടനത്തിന് കാരണം. ഇരുപതിലധികം കേന്ദ്രങ്ങളില്‍ സൌണ്ട് തോമ അമ്പത് ദിവസം പിന്നിടുകയാണ്.

ഹൈ എനര്‍ജി ലെവല്‍ ഉള്ള സിനിമകളാണ് വൈശാഖിന്‍റെ എല്ലാ സിനിമകളും. പോക്കിരിരാജയും സീനിയേഴ്സും മല്ലുസിംഗും സൌണ്ട് തോമയും അതില്‍ നിന്ന് വ്യത്യസ്തമാകുന്നില്ല. അതുകൊണ്ടുതന്നെ അടുത്ത ചിത്രവും അതുപോലെയാകണമെന്ന നിര്‍ബന്ധം വൈശാഖിനുണ്ട്. വൈശാഖിന്‍റെ പുതിയ ചിത്രത്തിന് കഥയായതായാണ് സൂചന. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് നായകന്‍‌മാര്‍.

കുഞ്ചാക്കോ ബോബന്‍ വൈശാഖ് ചിത്രത്തില്‍ ആദ്യമായല്ല. സീനിയേഴ്സ്, മല്ലു സിംഗ് എന്നീ സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളായി ചാക്കോച്ചന്‍ തിളങ്ങിയിട്ടുണ്ട്. എന്നാല്‍ ഫഹദ് ഫാസിലും വൈശാഖും ഒത്തുചേരുന്നത് ഇത് ആദ്യമാണ്.

ഫഹദ് ഫാസിലിന്‍റെ പതിവ് ബുദ്ധിജീവി തലമൊന്നുമില്ലാത്ത ഒരു സിനിമയായിരിക്കും വൈശാഖ് ഒരുക്കുക. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റാക്കിയ ഈ സംവിധായകന്‍ ഫഹദിനും ഒരു മെഗാവിജയം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക