സൂര്യ - ഹരി 'ഡെഡ്‌ലി കോംബോ' വീണ്ടും, സിങ്കം 3, ഇത്തവണ 'കൊലവെറി'പ്പാട്ടും ആട്ടവും!

Webdunia
ചൊവ്വ, 24 ഫെബ്രുവരി 2015 (19:14 IST)
സംവിധായകന്‍ ഹരി തിരക്കഥയെഴുത്തിന്‍റെ തിരക്കിലാണ്. കഴിഞ്ഞ ചിത്രം 'പൂജൈ' പ്രതീക്ഷയ്ക്കൊത്ത വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ആ പരാജയം മറക്കാന്‍ ഒരു ഗംഭീര ഹിറ്റിനുള്ള അണിയറയൊരുക്കമാണ് നടക്കുന്നത്. സൂര്യയ്ക്കൊപ്പമാണ് ഹരിയുടെ അടുത്ത ചിത്രം. പടത്തിന് പേര് - സിങ്കം 3!
 
അതേ, സിങ്കം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ സിനിമയുടെ തിരക്കഥയാണ് ഹരി എഴുതിക്കൊണ്ടിരിക്കുന്നത്. ഒരു അടിപൊളി ത്രില്ലറായിരിക്കും സിനിമയെന്ന് ആദ്യ സൂചനകള്‍ വെളിപ്പെടുത്തുന്നു.
 
ഡി‌എസ്‌പി അല്ല അനിരുദ്ധ് ആണ് ഇത്തവണ സിങ്കത്തിന് പാട്ടുകള്‍ ഒരുക്കുന്നത്. 'കൊലവെറി' സ്റ്റൈലില്‍ തകര്‍പ്പന്‍ കുത്തുപാട്ടുകള്‍ ഉണ്ടാകുമെന്നുറപ്പ്. 
 
ദുരൈസിങ്കം എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ പുതിയ മിഷന്‍ എന്തായിരിക്കുമെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കോളിവുഡ്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന സിങ്കം 3 ക്രിസ്മസ് റിലീസായി പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 
 
സിങ്കത്തിന്‍റെ ആദ്യ രണ്ടുഭാഗങ്ങളിലും അനുഷ്ക ഷെട്ടിയായിരുന്നു നായിക. രണ്ടാം ഭാഗത്തില്‍ ഗ്ലാമര്‍ പ്രദര്‍ശനവുമായി ഹന്‍‌സിക വന്നെങ്കിലും ആ കഥാപാത്രം മരിക്കുന്നതായാണ് കഥ. മൂന്നാം ഭാഗത്തിലും അനുഷ്ക തന്നെ നായികയാകുമോ എന്നതും സിങ്കം ആരാധകരുടെ ചോദ്യമാണ്.