സിനിമാലോകം ഞെട്ടി; ആദ്യദിനം ജയറാമിന്‍റെ ‘സത്യ’ നേടിയത് വെറും 28 ലക്ഷം രൂപ!

വെള്ളി, 21 ഏപ്രില്‍ 2017 (21:28 IST)
ആദ്യദിന കളക്ഷനില്‍ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലാണ് ഇപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ മത്സരം. അക്കാര്യം വലിയ ചര്‍ച്ചാവിഷയവും തര്‍ക്കകോലാഹലങ്ങളുമെല്ലാം സൃഷ്ടിക്കുന്നു. എന്നാല്‍ ആദ്യദിനത്തില്‍ ജയറാം തന്‍റെ കരിയറിലെ തന്നെ ഏറ്റവും മോശം റെക്കോര്‍ഡ് സ്ഥാപിച്ചതായാണ് പുതിയ വിവരം. ജയറാമിന്‍റെ പുതിയ റിലീസ് ‘സത്യ’ ആദ്യദിനം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത് വെറും 28 ലക്ഷം രൂപ!
 
ജയറാമിനെപ്പോലെ ഒരു താരത്തിന്‍റെ സിനിമയ്ക്ക് ഇത്രയും മോശം സ്വീകരണം ലഭിക്കുന്നത് സിനിമാലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ കരിയറില്‍ തന്നെ അപൂര്‍വം സിനിമകള്‍ക്കേ ഇത്രയും മോശം ഓപ്പണിംഗ് ലഭിച്ചിട്ടുള്ളൂ. സോള്‍ട്ട് ആന്‍റ് പെപ്പര്‍ മേക്കോവറില്‍ ജയറാം വരുന്ന ഈ റോഡ് ത്രില്ലര്‍ വലിയ നിരാശയാണ് പ്രേക്ഷകര്‍ക്കും സമ്മാനിച്ചിരിക്കുന്നത്.
 
അന്തരിച്ച സംവിധായകന്‍ ദീപന്‍റെ ഏറ്റവും മോശം സിനിമയായി സത്യ മാറിയിരിക്കുകയാണ്. രണ്ടുപതിറ്റാണ്ടെങ്കിലും മുമ്പ് പരീക്ഷിക്കാവുന്ന ഒരു തിരക്കഥയാണ് എ കെ സാജന്‍ ഈ സിനിമയ്ക്കായി രചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കാണികളെ വിരസതയുടെ വലിയ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുകയാണ് സത്യ.
 
വരും ദിവസങ്ങളില്‍ സത്യയുടെ കളക്ഷനില്‍ മുന്നേറ്റമുണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയുണ്ടായില്ലെങ്കില്‍ സമീപകാലത്തെ ഏറ്റവും വലിയ ബോക്സോഫീസ് ദുരന്തമായി സത്യ മാറും.

വെബ്ദുനിയ വായിക്കുക