സത്യന്‍ അന്തിക്കാടിന്‍റെ ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരും!

തിങ്കള്‍, 24 ഫെബ്രുവരി 2014 (16:31 IST)
PRO
മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും വീണ്ടും ഒന്നിപ്പിക്കാന്‍ ആദ്യം ശ്രമിച്ചത് സംവിധായകന്‍ രഞ്ജിത്താണ്. എന്നാല്‍ കഥ ശരിയാകാതെ വന്നതിനാല്‍ ആ പ്രൊജക്ട് തന്നെ ഉപേക്ഷിച്ചു. ഇപ്പോഴിതാ പുതിയ വിവരം, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയാകുന്നത് മഞ്ജു വാര്യര്‍!

മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായാണ് ഇത് പ്ലാന്‍ ചെയ്തിരിക്കുന്നത്. ‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് മഞ്ജു ഇപ്പോള്‍. ഈ സിനിമ പൂര്‍ത്തിയാകുന്നതോടെ സത്യന്‍ - മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.

മോഹന്‍ലാലിന്‍റെ ഭാര്യാവേഷത്തിലാണ് ഈ സിനിമയില്‍ മഞ്ജു വാര്യര്‍ എത്തുന്നതെന്ന് സൂചനയുണ്ട്. ആന്‍റണി പെരുമ്പാവൂരാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ജോഷിയുടെ ‘ലൈലാ ഓ ലൈലാ’ മാറ്റിവച്ചാണ് മോഹന്‍ലാല്‍ ഈ സിനിമയ്ക്ക് ഡേറ്റ് നല്‍കിയിരിക്കുന്നത്. ശ്രീനിവാസനായിരിക്കും രചന നിര്‍വഹിക്കുക എന്നാണ് സൂചന.

തൂവല്‍ക്കൊട്ടാരം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്നീ സത്യന്‍ ചിത്രങ്ങളില്‍ മുമ്പ് മഞ്ജു വാര്യര്‍ നായികയായിട്ടുണ്ട്.

അടുത്ത പേജില്‍ - ‘കൂടെവിടെ?’ ഹിന്ദി പതിപ്പിലും മഞ്ജു!

PRO
‘കൂടെവിടെ?’ എന്ന പത്മരാജന്‍ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രത്തെ ബോളിവുഡില്‍ പൃഥ്വിരാജാണ് അവതരിപ്പിക്കുക. സുഹാസിനി അവതരിപ്പിച്ച വേഷത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുമെന്നാണ് പുതിയ വിവരം.

മണിരത്നത്തിന്‍റെ സഹസംവിധായികയായ വി പ്രിയ സംവിധാനം ചെയ്യുന്ന ചിത്രം ബിജോയ് നമ്പ്യാരാണ് നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരുടെ ആദ്യ ബോളിവുഡ് പ്രൊജക്ടാണിത്.

അതേസമയം, മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയിലും മഞ്ജു വാര്യരായിരിക്കും നായികയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക