സംവിധായകന്‍ എന്‍ ആര്‍ സഞ്‌ജീവ് (സജി പരവൂര്‍) അന്തരിച്ചു

Webdunia
ചൊവ്വ, 8 മാര്‍ച്ച് 2016 (07:05 IST)
പ്രശസ്ത സം‌വിധായകന്‍ എന്‍ ആര്‍ സഞ്ജീവ്(സജി പരവൂര്‍) അന്തരിച്ചു. മോഹന്‍ലാലും സുരേഷ്ഗോപിയും ഒരുമിച്ചഭിനയിച്ച ‘ജനകന്‍’ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു സജി പരവൂര്‍. ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സ്കൂള്‍ ബസ്’ എന്ന ചിത്രത്തിന്‍റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മകന്‍റെ പിറന്നാളാഘോഷത്തിനായി കൊല്ലത്തെ വീട്ടിലെത്തിയ സജിക്ക് പക്ഷാഘാതമുണ്ടാവുകയായിരുന്നു.
 
ലെനിന്‍ രാജേന്ദ്രന്‍, കെ മധു, ഷാജൂണ്‍ കാര്യാല്‍, എ കെ സാജന്‍ തുടങ്ങി ഒട്ടേറെ സംവിധായകരുടെ ചീഫ് അസോസിയേറ്റായിരുന്നു. സേതുരാമയ്യര്‍ സി ബി ഐ, ലങ്ക, നേരറിയാന്‍ സി ബി ഐ, കഥ പറയുമ്പോള്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
ജനകന് ശേഷം രണ്ടാമത്തെ ചിത്രത്തിനായി ഏറെക്കാലമായി ശ്രമിച്ചുവരികയായിരുന്നു. ശ്രീനിവാസന്‍റെ തിരക്കഥയില്‍ ഒരു ചിത്രം ചെയ്യാനുള്ള ശ്രമങ്ങള്‍ ഇടയ്ക്ക് നടന്നിരുന്നു. എന്നാല്‍ അത് യാഥാര്‍ത്ഥ്യമായില്ല. 
 
സിനിമാക്കാര്‍ക്കിടയില്‍ സജി പരവൂര്‍ എന്നറിയപ്പെടുന്ന സജി സ്വതന്ത്ര സംവിധായകനായപ്പോള്‍ ടൈറ്റില്‍ കാര്‍ഡില്‍ യഥാര്‍ത്ഥ പേരായ സഞ്ജീവ് എന്‍ ആര്‍ എന്നാണ് ഉപയോഗിച്ചത്. വലിയ താരനിരയുമായി എത്തിയ ജനകന്‍ ഭേദപ്പെട്ട വിജയം നേടുകയും ചെയ്തിരുന്നു.