വിജയ് ഇനി വരദ രാജ മുതലിയാര്‍!

ചൊവ്വ, 28 മെയ് 2013 (18:27 IST)
PRO
ധാരാവിയിലും മാട്ടുംഗയിലും കിംഗ് സര്‍ക്കിളിലും സിയോണിലും ചുന്നാഭട്ടിയിലും ഒരുകാലത്ത് എന്തിനും അവസാനവാക്ക് വരദാ ഭായിയായിരുന്നു. വരദാഭായ് എന്നാല്‍ വരദരാജ മുതലിയാര്‍. ചോരമണമുള്ള ബോംബെ അധോലോകത്തിന്‍റെ തുടക്കക്കാരില്‍ ഒരാള്‍. വിക്ടോറിയ ടെര്‍മിനസ് സ്റ്റേഷനില്‍ ഒരു പോര്‍ട്ടറായി തുടങ്ങി പിന്നീട് പണത്തിനുവേണ്ടിയുള്ള കൊലപാതകങ്ങളിലൂടെയും കള്ളക്കടത്തിലൂടെയും മയക്കുമരുന്ന് വ്യാപാരത്തിലൂടെയും ഭൂമി ഇടപാടുകളിലൂടെയും ബോംബെ അധോലോകത്തിന്‍റെ രാജാവായി വരദരാജ മുതലിയാര്‍ മാറുകയായിരുന്നു. വരദരാജ മുതലിയാര്‍, കരിം ലാല, ഹാജി മസ്താന്‍ എന്നിവര്‍ മുംബൈ അധോലോകത്തിലെ ത്രിമൂര്‍ത്തികളായി.

വരദരാജ മുതലിയാരുടെ ജീവിതം പകര്‍ത്തി മണിരത്നം ‘നായകന്‍’ എന്ന സിനിമയൊരുക്കി. നൂറ് വയസ് തികച്ച ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരുന്നു നായകന്‍. നായകനിലെ ‘വേലുനായ്ക്കര്‍’ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിന് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം കമലഹാസനെ തേടിയെത്തി.

പുതിയ വാര്‍ത്ത, വരദരാജ മുതലിയാരുടെ ജീവിതം ഒരിക്കല്‍ കൂടി സിനിമയ്ക്ക് വിഷയമാകുന്നു. ‘തലൈവാ’ എന്ന സിനിമയില്‍ വിജയ് അവതരിപ്പിക്കുന്നത് മുതലിയാരെ അനുസ്മരിപ്പിക്കുന്ന കഥാപാത്രത്തെയാണ്. മുംബൈയിലെ അധോലോക നായകനായി വിജയ് എത്തുന്ന ഈ സിനിമയുടെ സംവിധാനം എ എല്‍ വിജയ്.

മുതലിയാരെപ്പോലെ തന്നെ ഈ വിജയ് കഥാപാത്രവും വെളുത്ത വസ്ത്രങ്ങള്‍ മാത്രമാണ് ധരിക്കുക. എന്നാല്‍ കമലഹാസന്‍റെ നായകനുമായി ഈ സിനിമയ്ക്ക് ഒരു സാദൃശ്യവും ഉണ്ടാവില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

അമല പോള്‍, സന്താനം, സത്യരാജ്, രാജീവ് പിള്ള, മനോബാല തുടങ്ങിയവര്‍ ‘തലൈവാ’യില്‍ അഭിനയിക്കുന്നു. ചന്ദ്രപ്രകാശ് ജെയിന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയുടെ ജന്‍‌മദിനമായ ജൂണ്‍ 22ന് ചിത്രത്തിന്‍റെ ഓഡിയോ റിലീസ് ഉണ്ടാകും. നിരവ് ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ജി വി പ്രകാശ്. എഡിറ്റിംഗ് ആന്‍റണി.

വെബ്ദുനിയ വായിക്കുക