മോഹന്‍ലാല്‍ ചിത്രം ‘ഭ്രമരം’

വ്യാഴം, 12 ഫെബ്രുവരി 2009 (13:21 IST)
PROPRO
ബ്ലെസി സംവിധാനം ചെയ്യുന്ന മോഹന്‍‌ലാല്‍ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ‘ഭ്രമരം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച ഭ്രമരത്തിന് മൂന്നാര്‍, നെല്ലിയാമ്പതി, കോയമ്പത്തൂര്‍, മറയൂര്‍, പൊള്ളാച്ചി എന്നിവയാണ് മറ്റ് ലൊക്കേഷനുകള്‍.

കനല്‍, ഭീമം എന്നിങ്ങനെയൊക്കെ പേരുകള്‍ ആലോചിച്ചെങ്കിലും ഒടുവില്‍ ഭ്രമരം എന്ന പേര് ബ്ലെസി കണ്ടെത്തുകയായിരുന്നു. മോഹന്‍ലാല്‍ ഒരു ലോറി ഡ്രൈവറുടെ വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഭൂമികയാണ് നായിക. ഭൂമിക അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണിത്.

പകയുടെയും പ്രതികാരത്തിന്‍റെയും കഥ പറയുന്ന ഈ ചിത്രം കുടുംബ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ബ്ലെസി പൂര്‍ത്തിയാക്കിക്കഴിഞ്ഞു‍. മറ്റ് പ്രൊജക്ടുകളെല്ലാം മാറ്റിവച്ചാണ് ബ്ലെസിച്ചിത്രത്തിന് മോഹന്‍ലാല്‍ ഡേറ്റ് കൊടുത്തിരിക്കുന്നത്.

മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ വഴിത്തിരിവാകും ഈ സിനിമയിലെ കഥാപാത്രമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഭ്രമരത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര് എന്താണെന്ന് ബ്ലെസി വെളിപ്പെടുത്തിയിട്ടില്ല. ഇതൊരു സസ്പെന്‍സ് ആണെന്നാണ് ബ്ലെസി പറയുന്നത്. ഭൂമികയെക്കൂടാതെ ലക്‍ഷ്മി ഗോപാലസ്വാമിയും ഒരു നായികയാണ്. മുരളി, ബേബി നിവേദിത, മുരളീമേനോന്‍, മദന്‍ബാബു, സുരേഷ്കൃഷ്ണ തുടങ്ങിയവരും ഭ്രമരത്തിലെ അഭിനേതാക്കളാണ്.

രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്യത്ത് നിര്‍മ്മിക്കുന്ന ഭീമത്തിന്‍റെ ഛായാഗ്രഹണം അജയന്‍ വിന്‍സന്‍റ്‌. അനില്‍ പനച്ചൂരാന്‍റെ ഗാനങ്ങള്‍ക്ക് മോഹന്‍സിതാര ഈണം പകരുന്നു. തന്‍‌മാത്രയ്ക്ക് ശേഷം മോഹന്‍ലാല്‍ - ബ്ലെസി ടീം ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ ഭ്രമരം ഏറെ പ്രതീക്ഷയര്‍പ്പിക്കപ്പെട്ടിരിക്കുന്ന ചിത്രമാണ്.

വെബ്ദുനിയ വായിക്കുക