മോഹന്‍ലാല്‍ ഇറങ്ങി, ഇനി കളി മാറും!

തിങ്കള്‍, 30 ഏപ്രില്‍ 2012 (14:44 IST)
PRO
സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ മലയാള സിനിമാ താരങ്ങള്‍ അത്ര താല്പര്യം കാണിക്കാറില്ല. “ഓ...എന്തോന്ന് പ്രൊമോഷന്‍...ചുമ്മ ടൈം വേസ്റ്റാണെന്നേ..” എന്ന് പറയുന്ന താരങ്ങളാണ് കൂടുതല്‍. എന്നാല്‍ ഹിന്ദിയിലും മറ്റും കഥ ഇതല്ല. ആമിര്‍ഖാനും മറ്റും തന്‍റെ സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ റിലീസിന് മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങും. സിനിമ ജനങ്ങളിലേക്കെത്തിക്കാനായി എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും.

മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ ഇപ്പോള്‍ അത്തരമൊരു നീക്കത്തിലാണ്. മേയ് മൂന്നിന് റിലീസ് ചെയ്യുന്ന ത്രില്ലര്‍ സിനിമ ഗ്രാന്‍റ്‌മാസ്റ്ററിനായി മോഹന്‍ലാല്‍ സജീവമായി ഇടപെട്ട് പ്രൊമോഷന്‍ പരിപാടികള്‍ ഗംഭീരമാക്കുകയാണ്. ടി വി ചാനലുകള്‍ക്ക് വരുന്ന ആഴ്ച മൂന്നുദിവസം തുടര്‍ച്ചയായി മോഹന്‍ലാല്‍ അഭിമുഖങ്ങള്‍ നല്‍കും.

ഏഴാം തീയതി പ്രേക്ഷകര്‍ക്കൊപ്പം മോഹന്‍ലാലും ഗ്രാന്‍റ്‌മാസ്റ്റര്‍ തിയേറ്ററിലിരുന്ന് കാണും. പിന്നീട് അവര്‍ക്കൊപ്പം ചിത്രത്തേക്കുറിച്ച് സംവാദം. വൊഡാഫോണാണ് ഇത് സംഘടിപ്പിക്കുന്നത്.

ഗ്രാന്‍റ്‌മാസ്റ്ററിന്‍റെ മൊബൈല്‍ പാര്‍ട്‌ണറാണ് വൊഡാഫോണ്‍. ഇവര്‍ എസ് എം എസ് ക്യാം‌പയിനുമായി കളത്തിലിറങ്ങിക്കഴിഞ്ഞു. റേഡിയോ ക്യാം‌പയിനും മുന്നേറുകയാണ്. റേഡിയോ പ്രോമോഷനില്‍ മോഹന്‍ലാല്‍ ശബ്ദം കൊടുത്തിട്ടുണ്ട്. എഫ് എം ചാനലുകളില്‍ ഇനി ഗ്രാന്‍റ്‌മാസ്റ്ററെക്കുറിച്ചുള്ള ലാല്‍ സന്ദേശങ്ങള്‍ കേള്‍ക്കാം.

വളരെ പോസിറ്റീവായ ഒരു തരംഗമാണ് ‘ഗ്രാന്‍റ്‌മാസ്റ്റര്‍’ ഉയര്‍ത്തിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഈ സിനിമ യു ടി വി മോഷന്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ആദ്യ മലയാള ചിത്രമാണ്. മേയ് മൂന്നിന് 130 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക