റിലീസിന് മുമ്പ് തന്നെ റെക്കോര്‍ഡ് നേട്ടവുമായി മോഹന്‍ലാല്‍ നായകനാകുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം 'വില്ലന്‍'. ഓഡിയോ റൈറ്റ്‌സ് വില്‍പനയിലാണ് ഈ ചിത്രം റെക്കോര്‍ഡ് തുക സ്വന്തമാക്കിയിരിക്കുന്നത്. ബോളിവുഡിലെ പ്രമുഖ മ്യൂസിക് ലേബലുകളിലൊന്നായ 'ജംഗ്ലീ മ്യൂസിക്കാ'ണ് ‘വില്ലന്റെ’ ഓഡിയോ അവകാശം സ്വന്തമാക്കിയത്. 50 ലക്ഷം രൂപയാണ് 'ജംഗ്ലീ മ്യൂസിക്' ഇതിനായി മുടക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വിഭാഗത്തില്‍ ഒരു മലയാളസിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. സാധാരണ 10മുതല്‍ 15 ലക്ഷം രൂപയാണ് മ്യൂസിക് റൈറ്റ് വില്‍പനയില്‍ ഒരു മലയാളസിനിമ നേടുന്നത്. അതേസമയം സിനിമയുടെ ചിത്രീകരണം വാഗമണ്ണില്‍ ഇന്ന് പൂര്‍ത്തിയായി. അതേസമയം ജൂലൈ 21ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ സിനിമ ഓണം റിലീസായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തകൃതിയായി നടന്നുവരികയാണ്. ധാരാളം വി എഫ് എക്സ് രംഗങ്ങളാണ് ഈ ആക്ഷന്‍ ത്രില്ലറിലുള്ളത്. മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും സാങ്കേതികമേന്‍മയുള്ള ചിത്രങ്ങളില്‍ ഒന്നായിരിക്കും വില്ലന്‍. മഞ്ജു വാര്യര്‍, വിശാല്‍, ഹന്‍സിക തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. മാടമ്പി, ഗ്രാന്‍ഡ്‌മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നിവയാണ് മറ്റ് മൂന്ന് ചിത്രങ്ങള്‍. മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള വൈഡ് റിലീസാണ് അണിയറ പ്രവര്‍ത്തകര്‍ ഈ സിനിമയ്ക്കായി ആലോചിക്കുന്നത്. ബാഹുബലി2, പുലിമുരുകന്‍ എന്നീ ചിത്രങ്ങളുടേതിനേക്കാള്‍ വലിയ റിലീസായിരിക്കും ഈ സിനിമയ്ക്ക് കേരളത്തില്‍ ഉണ്ടാവുക.