രണ്ടാമൂഴത്തിലെ ഭീമന് മമ്മൂട്ടിയുടെ സ്വരം!

തിങ്കള്‍, 10 ഏപ്രില്‍ 2017 (15:12 IST)
എം ടി വാസുദേവൻ നായരുടെ പ്രിയശിഷ്യനാണ് മമ്മൂട്ടി. എം ടിയുടെ രണ്ടാമൂഴം സിനിമയാക്കുന്നത് ഹരിഹരൻ ആണെന്നും നായകനായി എത്തുന്നത് മമ്മൂട്ടി ആണെന്നും ആദ്യമൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു. ഭീമം എന്ന പേരില്‍ രണ്ടാമൂഴത്തിന്‍റെ ദൃശ്യാവിഷ്‌കാരം വന്നപ്പോഴും ഭീമനായി എത്തിയത് മമ്മൂട്ടിയായിരുന്നു. എന്നാല്‍ രണ്ടാമൂഴത്തിന്റെ തിരക്കഥ പൂർത്തിയായപ്പോൾ നായകനായി എത്തുന്നത് മോഹൻലാൽ.
 
മമ്മൂട്ടിയും എം ടിയും വീണ്ടുമൊന്നിക്കുന്നുവെന്ന് കരുതി ഇരുന്ന ആരാധകരെ ഈ വാർത്ത നിരാശ നൽകിയിരുന്നു. എങ്കിലും എം ടിയുടെ തൂലികയിൽ വിരിയുന്ന ഭീമനെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ മലയാളികൾ തയ്യാറാണെന്നത് വ്യക്തമാ‌ണ്. 
 
എംടിയുമായി തനിക്കുള്ള അടുപ്പത്തെ കുറിച്ച് ഏഷ്യനെറ്റ് ന്യൂസിലെ 'വാക്ക് പൂക്കും കാലം' എന്ന പരിപാടിയില്‍ മമ്മൂട്ടി സംസാരിക്കുകയുണ്ടായി. അതിനിടയിലാണ് എം ടിയോട് തനിയ്ക്ക് ചോദിക്കാനുള്ള ഒരു കാര്യത്തെ കുറിച്ച് മമ്മൂട്ടി സംസാരിച്ചത്.
 
പല അവസരങ്ങളിലും എന്നോട് ഒരുപാട് വാല്‍സല്യവും സ്‌നേഹവും കാട്ടിയ കഥാകാരനാണ് അദ്ദേഹം.കഥാപാത്രങ്ങളിലൂടെ ഞാനെന്ന നടനാണോ അതോ വ്യക്തിയാണോ അദ്ദേഹത്തെ സ്വാധീനിച്ചതെന്ന് എനിക്കറിയില്ല. മമ്മൂട്ടിക്ക് വേണ്ടി തിരക്കഥയെഴുതുമ്പോള്‍, സംഭാഷണങ്ങള്‍ മമ്മൂട്ടിയുടെ ശബ്ദത്തില്‍ എന്റെ ചെവിയില്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞു. 
 
ഒരിക്കല്‍ ഞാന്‍ ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷേ ചോദിക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ട് ചോദിച്ചില്ല. രണ്ടാമൂഴത്തിന് തിരക്കഥ എഴുതുമ്പോള്‍ ഭീമന് എന്റെ സ്വരമായിരുന്നോ സംസാരിക്കുമ്പോഴെന്ന്. പക്ഷേ അങ്ങനെ സംസാരിക്കാന്‍ ഒരു അവസരം കിട്ടിയിട്ടില്ല. ഭീമം എന്ന പേരില്‍ രണ്ടാമൂഴത്തിന്റെ ഒരു ദൃശ്യാവിഷ്‌കാരമുണ്ടായപ്പോള്‍ ഭീമനായി രംഗത്തുവന്നത് ഞാനാണ്. അന്ന് ഭീമന് എന്റെ സ്വരമായിരുന്നു.
 
അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്ക് വിജയങ്ങളുണ്ടാക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു. അതിനായി കഠിനശ്രമം നടത്തുന്നു.. മമ്മൂട്ടി പറയുന്നു.

വെബ്ദുനിയ വായിക്കുക