ബ്ലെസിച്ചിത്രം ‘കളിമണ്ണ്’ - ശ്വേതയുടെ ഗര്‍ഭകാലം ചിത്രീകരിക്കുന്നു !

ബുധന്‍, 25 ജൂലൈ 2012 (20:09 IST)
PRO
ബ്ലെസി തന്‍റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്. ‘കളിമണ്ണ്’ എന്ന് ചിത്രത്തിന് പേരിട്ടു. ഒരു സ്ത്രീയുടെ ഗര്‍ഭകാലം മുതല്‍ പ്രസവിക്കുന്നത്‌ വരെയുള്ള കാര്യങ്ങളാണ്‌ സിനിമയില്‍ പറയുന്നത്. ഗര്‍ഭസ്ഥ ശിശുവും അമ്മയും തമ്മിലുള്ള സംഭാഷണങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ‘ഗര്‍ഭസ്ഥ ശിശു എല്ലാം അറിയുന്നു’ എന്ന സത്യത്തേക്കുറിച്ചാണ് കളിമണ്ണിലൂടെ ബ്ലെസി പറയാന്‍ ശ്രമിക്കുന്നത്.

“ശ്വേതയുടെ ഗര്‍ഭാവസ്ഥയില്‍ ഏതാനും സീനുകള്‍ ഞങ്ങള്‍ ചിത്രീകരിക്കുകയാണ്. കുഞ്ഞ് ജനിച്ചതിന് ശേഷം 2013 മേയ് മാസത്തില്‍ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കാനാണ് തീരുമാനം” - ബ്ലെസി വ്യക്തമാക്കി. ശ്വേതയുടെ നായകനായി മലയാളത്തിലെ ഒരു സൂപ്പര്‍താരം അഭിനയിക്കുമെന്നാണ് സൂചന.

ശ്വേതാ മേനോന്‍റെ പ്രസവം ലൈവായി ഷൂട്ട് ചെയ്യുന്നു എന്നതാണ് കളിമണ്ണിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇക്കാര്യം ദേശീയ മാധ്യമങ്ങളില്‍ പോലും വലിയ പ്രാധാന്യത്തോടെ വന്നിരിക്കുകയാണ്. മഹാഭാരതത്തിലെ അഭിമന്യുവും മാതാവ് സുഭദ്രയുമാണ് ഈ സിനിമയുടെ ആലോചനയ്ക്ക് തുടക്കമിടാന്‍ കാരണമായതെന്ന് ബ്ലെസി വ്യക്തമാക്കി.

ചിത്രത്തിന്‍റെ കഥ രൂപപ്പെടുത്താനും തിരക്കഥ തയ്യാറാക്കാനുമായി ബ്ലെസി കുറേക്കാലം വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ ആലോചിക്കുകയാണ്. തിരുവനന്തപുരത്തെ ഒരു അജ്ഞാത കേന്ദ്രത്തില്‍ കുറച്ചുനാള്‍ ഒറ്റയ്ക്ക് താമസിക്കാനാണ് പദ്ധതി.

ഒരു നടിയുടെ യഥാര്‍ത്ഥ ഗര്‍ഭകാലവും പ്രസവവും സിനിമയില്‍ ചിത്രീകരിക്കുന്നത് ഇത് ആദ്യമായല്ല. വിഖ്യാത ഹംഗേറിയന്‍ സംവിധായിക മാര്‍ത്ത മെസൊറസിന്‍റെ ‘നയന്‍‌ മന്ത്‌സ്’ എന്ന സിനിമ സമാനമായ പ്രമേയമാണ് ചര്‍ച്ച ചെയ്തത്. ആ ചിത്രത്തില്‍ നായിക ലിലി മൊനൊറിയുടെ യഥാര്‍ത്ഥ ഗര്‍ഭകാലവും പ്രസവവുമാണ് ചിത്രീകരിച്ചത്.

വെബ്ദുനിയ വായിക്കുക