ബാഹുബലി അല്‍പ്പം വിയര്‍ക്കും; ഗ്രേറ്റ്ഫാദര്‍ ഇവിടെത്തന്നെയുണ്ട്!

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (15:11 IST)
ഈ മാസം 28ന് ബാഹുബലി 2 റിലീസാവുകയാണ്. ലോകമെമ്പാടുമായി ആയിരക്കണക്കിന് പ്രിന്‍റുകളാണ് റിലീസ് ചെയ്യുന്നത്. ഇതിനോടകം തന്നെ പല ബിസിനസുകളിലായി 500 കോടിയോളം രൂപ ബാഹുബലിക്ക് ലഭിച്ചതായാണ് വിവരം. ഇന്ത്യയിലെ മിക്ക ഭാഷകളിലേക്കും ബാഹുബലി 2 ഡബ്ബ് ചെയ്ത് വരുന്നുണ്ട്. 
 
എന്നാല്‍ മറ്റ് ഭാഷകളിലേക്ക് വരുന്നതുപോലെയല്ല ഇത്തവണ കേരളത്തിലേക്കുള്ള ബാഹുബലിയുടെ വരവ്. ഇവിടെ കടുത്ത എതിരാളിയായി തലയുയര്‍ത്തി നില്‍ക്കുന്നത് മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറാണ്. കൂട്ടിന് മമ്മൂട്ടിയുടെ തന്നെ പുത്തന്‍‌പണവും.
 
ഡേവിഡ് നൈനാനും നിത്യാനന്ദ ഷേണായിയും കൈകോര്‍ത്ത് ബോക്സോഫീസ് പടയോട്ടം നയിക്കുമ്പോള്‍ കേരളത്തില്‍ ബാഹുബലി 2ന് അത്രയെളുപ്പത്തില്‍ നേട്ടം കൊയ്യാനാവില്ല. അതിനകം തന്നെ 50 കോടിയും കടന്നായിരിക്കും ഗ്രേറ്റ്ഫാദര്‍ നിലകൊള്ളുക.
 
അതുകൊണ്ടുതന്നെ കേരളത്തില്‍ സര്‍വതന്ത്രങ്ങളും പയറ്റാനാണ് ബാഹുബലി ടീമിന്‍റെ തീരുമാനം. പരമാവധി തിയേറ്ററുകളില്‍ ബാഹുബലി റിലീസ് ഉണ്ടാവും. ഗ്രേറ്റ്ഫാദറും പുത്തന്‍‌പണവും 1971ഉം ജോര്‍ജ്ജേട്ടനുമൊക്കെ ഇപ്പോഴും നെഞ്ചുവിരിച്ച് നില്‍ക്കുന്നതുകൊണ്ട് ബോക്സോഫീസില്‍ മുന്നേറ്റം നടത്താന്‍ ബാഹുബലിക്ക് ഏറെ വിയര്‍ക്കേണ്ടിവരും.
 
അപ്രതീക്ഷിതമായി ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന് കളക്ഷന്‍ വന്‍ തോതില്‍ ഉയരുന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. കുടുംബങ്ങള്‍ ഈ സിനിമയ്ക്ക് കൂടുതലായെത്തുന്നതായാണ് വിവരം. ദിലീപ് ചിത്രം വിജയത്തിലേക്ക് പതിയെ പിടിച്ചുകയറുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Next Article