ബാച്ച്ലര്‍ പാര്‍ട്ടിയില്‍ ചേരാന്‍ റ‌ഹ്‌മാന്‍ ‘ബില്ല 2’ ഉപേക്ഷിച്ചു

തിങ്കള്‍, 27 ഫെബ്രുവരി 2012 (16:30 IST)
PRO
മലയാളത്തില്‍ ഒരു തിരിച്ചുവരവിന്‍റെ പാതയിലാണ് റഹ്‌മാന്‍. ബ്ലാക്ക്, രാജമാണിക്യം, ട്രാഫിക് തുടങ്ങിയ സിനിമകളിലൂടെ വീണ്ടും മലയാളത്തില്‍ ശക്തമായ സാന്നിധ്യമായി മാറാനാണ് റഹ്‌മാന്‍ ശ്രമിച്ചത്. ഒരിക്കല്‍ മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ അന്യഭാഷയില്‍ അഭിനയിക്കാന്‍ പോവുകയും മലയാളത്തില്‍ നിന്ന് ഔട്ടാകുകയും ചെയ്ത അബദ്ധം ഇനി ആവര്‍ത്തിക്കാന്‍ റഹ്‌മാന്‍ ഒരുക്കമല്ല.

അതുകൊണ്ടുതന്നെ തമിഴകത്തെ ഒരു വമ്പന്‍ പ്രൊജക്ട് വേണ്ടെന്നുവച്ചിട്ട് മലയാളത്തില്‍ ‘ബാച്ച്‌ലര്‍ പാര്‍ട്ടി’ എന്ന സിനിമയില്‍ അഭിനയിക്കുകയാണ് റഹ്‌മാന്‍. അജിത് നായകനാകുന്ന ‘ബില്ല 2’ എന്ന ചിത്രമാണ് അമല്‍ നീരദിന്‍റെ ബാച്ച്ലര്‍ പാര്‍ട്ടിയില്‍ അഭിനയിക്കുന്നതിനായി റഹ്‌മാന്‍ വേണ്ടെന്നുവച്ചത്.

“രണ്ട് തമിഴ് സിനിമകളാണ് ബാച്ച്ലര്‍ പാര്‍ട്ടിയില്‍ അഭിനയിക്കുന്നതിനായി ഞാന്‍ വേണ്ടെന്നുവച്ചത്. അജിത് ചിത്രമായ ബില്ല 2 ഈ സിനിമയ്ക്കായി ഞാന്‍ ഉപേക്ഷിച്ചു. സാമ്പത്തികമായി അത്തരം കാര്യങ്ങള്‍ എനിക്ക് ദോഷം ചെയ്യും. എങ്കിലും ഒരു നടന്‍ എന്ന നിലയില്‍ ഈ തീരുമാനം എനിക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നു. മൂന്ന് ഡയമെന്‍‌ഷന്‍സ് ഉള്ള കോം‌പ്ലക്സായ ഒരു കഥാപാത്രത്തെയാണ് ബാച്ച്ലര്‍ പാര്‍ട്ടിയില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ആ ടഫ് ക്യാരക്ടര്‍ ഒരു ചലഞ്ചായി ഞാന്‍ ഏറ്റെടുക്കുകയായിരുന്നു” - ചിത്രഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ റഹ്‌മാന്‍ പറയുന്നു.

“തുടര്‍ച്ചയായി 45 ദിവസത്തെ എന്‍റെ ഡേറ്റാണ് അമല്‍ നീരദ് ആവശ്യപ്പെട്ടത്. ഇത്രയും ദിവസം തുടര്‍ച്ചയായി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്നെ എന്‍റെ കഥാപാത്രത്തിന്‍റെ ഡെപ്ത്ത് ഞാന്‍ തിരിച്ചറിഞ്ഞു. ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ സിനിമയൊരുക്കുന്ന അമല്‍ നീരദിന്‍റെ ഓഫര്‍ നിരസിക്കാന്‍ എനിക്കായില്ല” - റഹ്‌മാന്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക