പ്രിയദര്‍ശന്‍ സംവിധാനം നിര്‍ത്തുന്നു?!

ചൊവ്വ, 5 ഏപ്രില്‍ 2016 (15:18 IST)
ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ സംവിധായകന്‍ പ്രിയദര്‍ശന്‍ സംവിധാനം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇനി പരമാവധി പത്ത് സിനിമകള്‍ കൂടി മാത്രം ചെയ്താല്‍ മതി എന്നാണത്രേ പ്രിയന്‍റെ നിലപാട്.
 
ഇതുവരെ പ്രിയദര്‍ശന്‍ 91 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 100 സിനിമകള്‍ സംവിധാനം ചെയ്തുകഴിഞ്ഞാല്‍ പിന്നീട് ആ മേഖലയില്‍ നിന്ന് മാറാമെന്നാണത്രേ പ്രിയന്‍ കണക്കുകൂട്ടിയിരിക്കുന്നത്. പ്രിയദര്‍ശന്‍ സിനിമകളുടെ ആരാധകര്‍ക്ക് കടുത്ത വേദനയുളവാക്കുന്ന ഈ തീരുമാനം ഇന്ത്യന്‍ സിനിമയ്ക്കാകെ തന്നെ വലിയ നഷ്ടമാകുമെന്നാണ് സിനിമാ വിദഗ്ധര്‍ വിലയിരുത്തുന്നത്.
 
മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഇപ്പോള്‍ ഒപ്പം എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ് പ്രിയദര്‍ശന്‍. ഇനി കുറച്ച് സീരിയസ് സിനിമകള്‍ ചെയ്യാനാണ് പ്രിയന്‍ ആലോചിക്കുന്നതെന്നും സൂചനയുണ്ട്.
 
കാഞ്ചീപുരം എന്ന സിനിമയിലൂടെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ പ്രിയന്‍ മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും മെഗാഹിറ്റുകള്‍ സൃഷ്ടിച്ച വ്യക്തിയാണ്. ചിത്രവും കിലുക്കവും വന്ദനവും ചന്ദ്രലേഖയും കാലാപാനിയും തേന്‍‌മാവിന്‍ കൊമ്പത്തുമൊന്നും സിനിമയുള്ളിടത്തോളം പ്രേക്ഷകര്‍ മറക്കുകയില്ല. പ്രിയദര്‍ശന്‍ തന്‍റെ കടുത്ത തീരുമാനത്തില്‍ നിന്ന് പിറകോട്ടുപോകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക