തിരുവമ്പാടി തമ്പാന്‍ വരുന്നു, ജഗതിയുടെ ശബ്ദമില്ലാതെ!

ചൊവ്വ, 3 ഏപ്രില്‍ 2012 (18:08 IST)
PRO
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം ‘തിരുവമ്പാടി തമ്പാന്‍’ വിഷുവിന് പ്രദര്‍ശനത്തിനെത്തുകയാണ്. ശിക്കാറിന് ശേഷം പത്മകുമാര്‍ ഒരുക്കുന്ന ഈ സിനിമയുടെ തിരക്കഥ ശിക്കാര്‍ എഴുതിയ എസ് സുരേഷ്ബാബു തന്നെയാണ് രചിച്ചിരിക്കുന്നത്. ജയറാമും ജഗതി ശ്രീകുമാറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജയറാമിന്‍റെ അച്ഛനായാണ് ഈ സിനിമയില്‍ ജഗതി ശ്രീകുമാര്‍ അഭിനയിച്ചത്. നായകതുല്യമായ കഥാപാത്രം തന്നെയായിരുന്നു ചിത്രത്തില്‍ ജഗതിക്ക്. സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രം. എന്നാല്‍ ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് ജഗതി ശ്രീകുമാറിന് കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ജഗതി പൂര്‍ണ ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചെത്താന്‍ ഇനിയും സമയമെടുക്കും എന്നതിനാല്‍ അതിന് കാത്തുനില്‍ക്കാതെ സംവിധായകന്‍ ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു എന്നാണ് അറിവ്.

ജഗതിയുടെ രംഗങ്ങള്‍ എല്ലാം പൂര്‍ത്തിയായോ എന്നതിന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. എന്നാല്‍ ഒരുകാര്യം ഉറപ്പാണ്, ചിത്രത്തിന് ജഗതി ഡബ്ബ് ചെയ്തിട്ടില്ല. ജഗതിയുടെ ശബ്ദം മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിച്ച് ചിത്രം പുറത്തിറക്കാനാണ് ആലോചിക്കുന്നത്.

കോട്ടയം നസീറിനെ ഇക്കാര്യത്തിനായി സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലുടനീളമുള്ള ഒരു കഥാപാത്രത്തിന്, അതും ജഗതിയെപ്പോലെ പ്രേക്ഷകര്‍ക്ക് ഉറക്കത്തില്‍ പോലും സുപരിചിതമായ ശബ്ദമുള്ള ഒരു നടന് ഡബ്ബ് ചെയ്യേണ്ടി വരിക എന്ന വെല്ലുവിളി കോട്ടയം നസീര്‍ ഭംഗിയായി അതിജീവിക്കും എന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ദിവസം തിരുവമ്പാടി തമ്പാന്‍റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. അതില്‍ പക്ഷേ ജഗതിയുടെ വിഷ്വല്‍ മാത്രമേയുള്ളൂ, ശബ്ദം ഉപയോഗിച്ചിട്ടില്ല.

എം എ നിഷാദ് സംവിധാനം ചെയ്ത ‘നമ്പര്‍ 66 മധുര ബസ്’ എന്ന ചിത്രത്തിലും ജഗതിയുടെ ശബ്ദം മിമിക്രി ആര്‍ട്ടിസ്റ്റിനെക്കൊണ്ട് ഡബ്ബ് ചെയ്യിക്കാനാണ് ആലോചിക്കുന്നത്.

വെബ്ദുനിയ വായിക്കുക