ജോര്‍ജ്ജിനെ ഇനി പരിനീതി ചോപ്ര പ്രേമിക്കാന്‍ പഠിപ്പിക്കും!

ചൊവ്വ, 25 ഓഗസ്റ്റ് 2015 (17:04 IST)
മലയാളത്തിന്‍റെ മെഗാഹിറ്റ് ചിത്രം ‘പ്രേമം’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. യുവ സൂപ്പര്‍താരം നാഗചൈതന്യയാണ് ചിത്രത്തിലെ നായകന്‍. ‘കാര്‍ത്തികേയ’ എന്ന തെലുങ്ക് ത്രില്ലറിലൂടെ ശ്രദ്ധേയനായ ചന്തു മൊണ്ടേതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന്‍റെ ‘മലര്‍’ തെലുങ്കിലെത്തുമ്പോള്‍ ഹിന്ദി താരം പരിനീതി ചോപ്രയാണ് ആ വേഷം ചെയ്യുന്നത്. 
 
സായ് പല്ലവി അനശ്വരമാക്കിയ കഥാപാത്രത്തെ അതേ വേവ്‌ലെംഗ്തില്‍ അവതരിപ്പിക്കാന്‍ പറ്റിയ നടി ആരുണ്ട് എന്ന അന്വേഷണമാണ് ഒടുവില്‍ പരിനീതിയിലെത്തി നില്‍ക്കുന്നത്. ഫറാ ഖാന്‍റെ പുതിയ ചിത്രത്തിന്‍റെ തിരക്കുണ്ടെങ്കിലും കഥാപാത്രത്തിന്‍റെ മികവ് മനസിലാക്കി പരിനീതി അഭിനയിക്കാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷ.
 
മഡോണ ഗംഭീരമാക്കിയ സെലിന്‍ എന്ന കഥാപാത്രമായി ദിഷ പടാനി അഭിനയിക്കും. കൌതുകകരമായ മറ്റൊരു കാര്യം, മേരിയെ അവതരിപ്പിക്കുന്നത് നമ്മുടെ അനുപമ പരമേശ്വരന്‍ തന്നെ എന്നതാണ്. 
 
ഹാരിക ആന്‍റ് ഹാസിനി ക്രിയേഷന്‍സിന്‍റെ ബാനറില്‍ എസ് രാധാകൃഷ്ണനാണ് പ്രേമത്തിന്‍റെ തെലുങ്ക് റീമേക്ക് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.
 
ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍ നാഗചൈതന്യ.

വെബ്ദുനിയ വായിക്കുക