കമ്യൂണിസം പറഞ്ഞിട്ടും രക്ഷയില്ല, നിവിന്‍ പോളിയുടെ സഖാവിന് ബോക്സോഫീസില്‍ കാലിടറി!

ശനി, 3 ജൂണ്‍ 2017 (17:45 IST)
കമ്യൂണിസം പറയുന്ന സിനിമകളാണല്ലോ ഇപ്പോള്‍ മലയാളത്തില്‍ ട്രെന്‍ഡ്. മെക്സിക്കന്‍ അപാരതയും സി ഐ എയും സഖാവുമെല്ലാം കൂട്ടത്തോടെ പ്രദര്‍ശനത്തിനെത്തുന്ന കാലം. എന്തായാലും മോശമല്ലാത്ത ഇനിഷ്യല്‍ കളക്ഷന് ചുവപ്പന്‍ പരിവേഷം കാരണമാകുന്നുണ്ട്.
 
എന്നാല്‍ നിവിന്‍ പോളി നായകനായ ‘സഖാവ്’ എന്ന സിനിമ കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കഥ പറഞ്ഞിട്ടും വലിയ വിജയം നേടാനായില്ല എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. തുടര്‍ച്ചയായി വമ്പന്‍ ഹിറ്റുകള്‍ നല്‍കുന്ന നായകനായ നിവിന്‍ പോളിക്ക് സഖാവ് ഒരു ശരാശരി വിജയം മാത്രമാണ് നേടിക്കൊടുത്തത്.
 
കേരള ബോക്സോഫീസില്‍ നിന്ന് 14.20 കോടി രൂപ മാത്രമാണ് ചിത്രത്തിന് സ്വന്തമാക്കാനായത്. പ്രേമവും ബാംഗ്ലൂര്‍ ഡെയ്സുമൊക്കെ അമ്പതുകോടിയുടെ കണക്കുപറഞ്ഞ സാഹചര്യത്തിലാണ് താരതമ്യേന മോശം പ്രകടനം സഖാവ് നടത്തിയിരിക്കുന്നത്. ചിത്രത്തിലെ നിവിന്‍റെ ഇരട്ടവേഷങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ടിട്ടും അത് തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കിയില്ല.
 
വിഷു റിലീസായി പ്രദര്‍ശനത്തിനെത്തിയിട്ടും സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവിന് മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാനായില്ല എന്നതാണ് വാസ്തവം. 

വെബ്ദുനിയ വായിക്കുക