ഒട്ടകം ചതിച്ചു, ‘ഉസ്താദ് ഹോട്ടല്‍’ റിലീസ് മാറ്റി!

ബുധന്‍, 20 ജൂണ്‍ 2012 (20:44 IST)
PRO
തിരുവമ്പാടി തമ്പാന്‍ എന്ന സിനിമ പരാജയമായി. മലയാളി പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്ന ഒരു ആക്ഷന്‍ ചിത്രമായിരുന്നു അത്. തിരക്കഥയുടെ ദൌര്‍ബല്യമാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ആ സിനിമ തിയേറ്ററുകളിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ അനുഭവിച്ച ബുദ്ധിമുട്ട് വളരെയേറെയായിരുന്നു.

ജഗതി ശ്രീകുമാറിന്‍റെ ആക്സിഡന്‍റ് മുതല്‍ ആനകള്‍ വരെ പ്രശ്നമായി. മൃഗങ്ങളെ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് റിലീസിന് വരെ തടസമാകുന്ന പ്രശ്നമായി മാറുമെന്ന സത്യമാണ് തിരുവമ്പാടി തമ്പാന്‍ കാണിച്ചുതന്നത്. പുതിയ വാര്‍ത്ത, അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടല്‍’ എന്ന ചിത്രത്തിനും ഈ പ്രശ്നം ഉണ്ടായിരിക്കുന്നു എന്നതാണ്.

ഈ മാസം 22ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. ഇപ്പോള്‍ കിട്ടുന്ന വിവരം, 22ന് ഈ ചിത്രം റിലീസ് ചെയ്യാനാകില്ല എന്നാണ്. ഒരു ഒട്ടകം ഉള്‍പ്പെടുന്ന രംഗം ചിത്രത്തിലുള്ളതാണ് റിലീസിന് വിഘാതമായത്. വൈല്‍ഡ് ലൈഫ് അതോറിറ്റിയുടെ അനുമതി കിട്ടിയെങ്കില്‍ മാത്രമേ ചിത്രം റിലീസ് ചെയ്യാനാകൂ.

ഈ അനുമതി ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷ. എന്തായാലും ജൂണ്‍ 29ന് ഉസ്താദ് ഹോട്ടലിന്‍റെ റിലീസ് മാറ്റി നിശ്ചയിച്ചിട്ടുണ്ട്. ദുല്‍ക്കര്‍ സല്‍മാന്‍, നിത്യാ മേനോന്‍, തിലകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തിന്‍റെ രചന അഞ്ജലി മേനോന്‍. നിര്‍മ്മാണം ലിസ്റ്റിന്‍ സ്റ്റീഫന്‍.

വെബ്ദുനിയ വായിക്കുക