എറണാകുളം മള്‍ട്ടിപ്ലക്സില്‍ തോപ്പില്‍ ജോപ്പന്‍റെ കളക്ഷന്‍ 50 ലക്ഷം പിന്നിട്ടു. വെറും ആറുദിവസം കൊണ്ടാണ് മമ്മൂട്ടിച്ചിത്രം ഈ നേട്ടം വരിച്ചത്. മമ്മൂട്ടിയുടെ മുന്‍ചിത്രമായ കസബയും എറണാകുളത്തെ മള്‍ട്ടിപ്ലക്സുകളില്‍ നിന്ന് 50 ലക്ഷം പിന്നിട്ടിരുന്നു. എന്നാല്‍ ആ ചിത്രം എറണാകുളം മള്‍ട്ടിപ്ലക്സുകളില്‍ നിന്ന് മൊത്തം നേടിയത് 63 ലക്ഷം രൂപ മാത്രമാണ്.
ഇപ്പോഴത്തെ നിലയില്‍ തോപ്പില്‍ ജോപ്പന്‍ എറണാകുളം മള്‍ട്ടിപ്ലക്സുകളില്‍ നിന്ന് മാത്രം കോടികള്‍ സമ്പാദിക്കുമെന്നാണ് സൂചന. ഇപ്പോഴും എല്ലാ തിയേറ്ററുകളിലും എല്ലാ ഷോയും ഹൌസ്ഫുള്ളാണ്. അഡീഷണല്‍ ഷോകളിലെ വരുമാനം കൂടിയാകുമ്പോള്‍ തോപ്പില്‍ ജോപ്പനാണ് എറണാകുളത്ത് ശരിക്കും പുലിയെന്ന് പറയാം.
വരുന്ന ആഴ്ചകളിലൊന്നും പുതിയ റിലീസുകള്‍ ഇല്ല എന്നുള്ളതും തോപ്പില്‍ ജോപ്പന് ഗുണം ചെയ്യുമെന്നാണ് വിവരം. ആവശ്യമെങ്കില്‍ കൂടുതല്‍ തിയേറ്ററുകളിലേക്ക് തോപ്പില്‍ ജോപ്പന്‍ വ്യാപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
വെറും ആറുകോടി രൂപയാണ് തോപ്പില്‍ ജോപ്പന്‍റെ നിര്‍മ്മാണച്ചെലവ്. ആദ്യ നാലുദിവസം കൊണ്ടുതന്നെ ചിത്രം മുതല്‍മുടക്ക് തിരികെപ്പിടിച്ചുകഴിഞ്ഞു. 30 കോടി ക്ലബില്‍ പ്രവേശിക്കുന്ന ആദ്യ മമ്മൂട്ടിച്ചിത്രമായി തോപ്പില്‍ ജോപ്പന്‍ മാറുമെന്നാണ് വിവരം.
ജോണി ആന്‍റണി സംവിധാനം ചെയ്ത ഈ ക്ലീന്‍ ഫാമിലി എന്‍റര്‍ടെയ്നറിന് തിരക്കഥയെഴുതിയത് നിഷാദ് കോയയാണ്. ആന്‍ഡ്രിയയും മംമ്തയുമാണ് നായികമാര്‍.