ഇന്ത്യയാകെ ചാര്‍ലി തരംഗം; 4 ദിവസം 6 കോടി, റീമേക്കില്‍ ധനുഷ് !

തിങ്കള്‍, 28 ഡിസം‌ബര്‍ 2015 (20:52 IST)
പ്രേമം മറക്കുക. ബാംഗ്ലൂര്‍ ഡെയ്സ് മറക്കുക. ദൃശ്യം മറക്കുക. ഇനി ചാര്‍ലിയുടെ കാലമാണ്. അതേ, ചാര്‍ലിയുടെ ആഘോഷകാലം. റിലീസായ ആദ്യത്തെ നാലുനാളുകള്‍ക്കുള്ളില്‍ ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത് ആറുകോടി രൂപ. മലയാളികളുടെ സ്വന്തം ‘കുഞ്ഞിക്ക’ ബോക്സോഫീസ് കിംഗായി മാറുന്ന കാഴ്ച!
 
ദുല്‍ക്കര്‍ സല്‍മാനും പാര്‍വതിയും തകര്‍ത്തഭിനയിക്കുന്ന ഈ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം മലയാള സിനിമയുടെ ബോക്സോഫീസ് ചരിത്രമാകെ മാറ്റിമറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ സമാനതകളില്ലാത്ത കളക്ഷന്‍ നേടുന്ന സിനിമ ഇപ്പോള്‍ കേരളത്തിന് പുറത്തും റിലീസ് ചെയ്തിരിക്കുകയാണ്. ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, പുനെ, മുംബൈ, ബാംഗ്ലൂര്‍, മൈസൂര്‍, മംഗലാപുരം, മണിപ്പാല്‍, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലും ചിത്രം എത്തിയിട്ടുണ്ട്.
 
കേരളത്തിലെ തിയേറ്ററുകളെ വെല്ലുന്ന കളക്ഷനാണ് ചാര്‍ലിക്ക് ഇന്ത്യയിലെ മറ്റിടങ്ങളില്‍ ലഭിക്കുന്നത്. ഈയാഴ്ച തന്നെ ഇന്ത്യയ്ക്ക് പുറത്തും ചിത്രം റിലീസ് ചെയ്യുന്നു. ചാര്‍ലിയുടെ ലുക്കും ഇന്ത്യയിലെ യുവത്വം അനുകരിക്കുകയാണ്. 
 
ഉണ്ണി ആര്‍ തിരക്കഥയെഴുതിയ ഈ അസാധാരണ സിനിമയുടെ റീമേക്ക് അവകാശത്തിനായി മറുഭാഷാ കമ്പനികള്‍ തിരക്കുകൂട്ടുന്നു. തമിഴ് റീമേക്ക് അവകാശം ധനുഷിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനുഷ് തന്നെ ചാര്‍ലിയെ അവതരിപ്പിക്കും.

വെബ്ദുനിയ വായിക്കുക