അമർ അക്‌ബർ അന്തോണി മെഗാഹിറ്റാണ്, പക്ഷേ ഒരാളുടെ കുറവുണ്ട്!

ചൊവ്വ, 24 നവം‌ബര്‍ 2015 (15:25 IST)
മലയാള സിനിമയിൽ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് 'അമർ അക്‌ബർ അന്തോണി'. ചിത്രത്തിന്റെ കളക്ഷൻ 50 കോടിയിലേക്ക് കുതിക്കുമ്പോൾ ആദ്യചിത്രം മഹാവിജയമായതിൽ നാദിർഷയ്ക്ക് അഭിമാനിക്കാം. ഈ വലിയ വിജയത്തിന് ഒരുപാട് കാരണങ്ങളുണ്ട്. നിഷ്‌കളങ്കമയ നർമ്മം അതിലൊരു പ്രധാന ഘടകമാണ്. വെറും തമാശ മാത്രമല്ലാതെ ഗൗരവമുള്ള ഒരു വിഷയം കൈകാര്യം ചെയ്തു എന്നതും വിജയത്തിന്റെ കാരണങ്ങളിൽ ഒന്നാണ്.
 
എന്നാൽ ഏറ്റവും വലിയ കാരണം അതൊന്നുമല്ല. സൂപ്പർഹിറ്റായ 'ക്ലാസ്‌മേറ്റ്സ്' ടീം വീണ്ടും ഒന്നിച്ചു എന്നതാണ് അത്. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും വീണ്ടും വന്നപ്പോൾ പ്രേക്ഷകർ അറിയാതെ ക്ലാസ്‌മേറ്റ്സിന്റെ നൊസ്റ്റാൾജിയയിലേക്ക് പോയി. ക്ലാസ്‌മേറ്റ്സ് ടീമിനെ വീണ്ടും കൊണ്ടുവരുക എന്നത് നാദിർഷയുടെ ബുദ്ധിയായിരുന്നു. ഈ ചിത്രത്തിന്റെ കഥയുമായി ആദ്യം സമീപിച്ചത് ജയസൂര്യയെയാണ്. ജയസൂര്യയാണ് പൃഥ്വിരാജിന്റെ പേര് നിർദ്ദേശിച്ചത്. അപ്പോൾ ഇന്ദ്രജിത്ത് കൂടി വന്നാൽ ക്ലാസ്‌മേറ്റ്സ് ടീം ആകുമല്ലോ എന്ന ഐഡിയ തോന്നിയത് നാദിർഷയ്ക്കാണ്. അത് വർക്കൗട്ടാകുകയും ചെയ്തു.
 
എന്നാൽ, അമർ അക്ബർ അന്തോണിയിൽ ക്ലാസ്‌മേറ്റ്സ് ടീം വീണ്ടും വന്നു എന്ന് പറയുമ്പോഴും എന്തോ ഒരു കുറവ് അനുഭവപ്പെടുന്നില്ലേ? അതേ,അത് നരേൻറെ കുറവാണ്. നരേൻ എന്ന നടനെ ഒഴിവാക്കി ക്ലാസ്‌മേറ്റ്സിനെക്കുറിച്ച് ചിന്തിക്കാനാവുമോ? നരേൻ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രം തന്നെയാണ് ക്ലാസ്‌മേറ്റ്സിന്റെ ജീവൻ എന്ന് പറയാം. ക്ലാസ്‌മേറ്റ്സ് ടീമിനെ പുതിയ ചിത്രത്തിലേക്ക് പരിഗണിച്ചപ്പോൾ നാദിർഷ എന്തുകൊണ്ടാണ് നരേനെ മറന്നുപോയത്?
 
നാദിർഷ മാത്രമല്ലല്ലോ, ഇപ്പോൾ മലയാളത്തിലെ സംവിധായകരൊന്നും നരേനെ ഓർക്കുന്നില്ല എന്നാണ് തോന്നുന്നത്. വല്ലപ്പോഴുമെങ്കിലും മലയാളത്തിൽ സിനിമ ചെയ്തിരുന്ന നരേൻ ഇപ്പോൾ പൂർണമായും നമ്മുടെ സിനിമയിൽ നിന്ന് പുറത്തായിരിക്കുന്നു. സമീപകാലത്ത് ഗ്രാൻഡ്‌മാസ്റ്റർ, അയാളും ഞാനും തമ്മിൽ, ത്രീ ഡോട്ട്‌സ്, റെഡ് റെയ്ൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അതിന് ശേഷം നരേൻ മലയാളത്തിൽ നിന്ന് അപ്രത്യക്ഷനാകുകയായിരുന്നു. നല്ല കഥാപാത്രങ്ങൾ നരേന് ആരും നൽകിയില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ തമിഴിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് നരേൻ ചെയ്തത്.
 
ഇപ്പോൾ മലയാളത്തിൽ ഏറെ തിരക്കുള്ള പല താരങ്ങളേക്കാളും പ്രതിഭയുള്ള നടനാണ് നരേൻ. ഇനിയെങ്കിലും നമ്മുടെ സംവിധായകർ ആ നടന് മികച്ച അവസരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക