മൂന്നുമുഖം കിട്ടിയില്ല, ഇളയദളപതിക്ക് 'വെട്രി' !

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (15:33 IST)
'മൂൺട്രുമുഖം' (മൂന്നുമുഖം) എന്നായിരുന്നു ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന് പേര് നിശ്ചയിച്ചിരുന്നത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ എമി ജാക്സണും സമാന്തയുമാണ് നായികമാർ. കലൈപ്പുലി എസ് താണു ആണ് ചിത്രം നിർമ്മിക്കുന്നത്. രജനികാന്തിൻറെ മെഗാഹിറ്റ് സിനിമയായ മൂൺട്രുമുഖം എന്ന ടൈറ്റിൽ തന്നെ ഈ പ്രൊജക്ടിനും ലഭിക്കാൻ നിർമ്മാതാവും സംവിധായകനും കിണഞ്ഞുപരിശ്രമിച്ചിരുന്നു. 
 
കാരണം, ആ ടൈറ്റിലിനോട് നീതി പുലർത്തുന്ന രീതിയിൽ മൂന്ന് കഥാപാത്രങ്ങളെയാണ് വിജയ് പുതിയ സിനിമയിൽ അവതരിപ്പിക്കുന്നത്. എന്നാൽ ആ ടൈറ്റിൽ അനുവദിച്ചുകിട്ടുന്നതിൽ ചില പ്രശ്നങ്ങൾ നേരിട്ടു. എന്തായാലും അറ്റ്‌ലീ സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന് 'വെട്രി' എന്ന് ഒടുവിൽ പേര് നിശ്ചയിച്ചിരിക്കുകയാണ്.
 
വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖർ 1984ൽ സംവിധാനം ചെയ്ത വിജയകാന്ത് ചിത്രത്തിന് 'വെട്രി' എന്നായിരുന്നു പേര്. ആ സിനിമയിൽ വിജയ് ബാലതാരമായി അഭിനയിച്ചിരുന്നു എന്നതും പ്രത്യേകതയാണ്.
 
100 കോടി ബജറ്റിലാണ് വെട്രി ഒരുങ്ങുന്നത്. വിജയുടെ അമ്പത്തൊമ്പതാമത് ചിത്രമാണ് വെട്രി. 'രാജാറാണി' എന്ന മെഗാഹിറ്റ് സിനിമയുടെ സംവിധായകനാണ് അറ്റ്‌ലീ.