പറക്കും തളികയില്‍ എലിയെ പിടിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്ന, പഞ്ചാബി ഹൌസില്‍ നായകകഥാപാത്രത്തിന് പാര വെയ്‌ക്കുവാന്‍ നോക്കി എല്ലാ ജോലി ചെയ്യേണ്ടി വരുന്ന, നാടന്‍ പെണ്ണും നാട്ടു പ്രമാണിയിലും താടി വടിക്കുന്നത് പല കാരണങ്ങള്‍ മൂലം മാറ്റിവച്ച, മലയാളത്തിന്‍റെ ഒരേയൊരു അശോകന്‍ പ്രേക്ഷക മനം കവരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഹരിശ്രീ അശോകന്‍ മലയാളിയ്‌ക്ക് ഒരിക്കലും മടുപ്പില്ലാത്ത ഹാസ്യം വിളമ്പുന്ന താരമാണ്.
നാട്ടിന്‍ പുറത്ത് ആല്‍ത്തറയില്‍ ചമ്രം പടിഞ്ഞിരുന്ന് തമാശ തട്ടി വിടുന്ന ഒരു ഗ്രാമീണന്‍റെ പ്രതിച്‌ഛായയാണ് ഹരിശ്രീ അശോകന്. ഒരു തമാശ അവതരിപ്പിച്ച് കഴിഞ്ഞതിനു ശേഷം നിശബ്‌ദത മാത്രമാണ് ഉണ്ടാകുന്നതെങ്കില്‍ അതിലും വലിയ ദുരന്തം ഇല്ലെന്ന് ഒരു പാശ്ചാത്യ പഴമൊഴിയുണ്ട്. ഈ ദുരന്തം ഹരിശ്രീ അശോകന്‍റെ ഹാസ്യത്തിനു ശേഷം ഉണ്ടാകാറില്ല. ഇയാള്‍ ചിരിയുടെ മുഴക്കം കേള്‍പ്പിക്കാന്‍ മിടുക്കന്‍തന്നെയാണ്. ആര്‍ക്കും അതില്‍ സംശയമില്ല.
ജഗതിയെ പോലുള്ള തുടങ്ങിയ ഹാസ്യ പ്രതിഭകള്‍ കത്തി നില്‍ക്കുന്ന മലയാള സിനിമയില്‍ അശോകനും ഒരു സ്ഥാനം ഉണ്ടാക്കിയെടുത്തു. സംഭാഷണ ശൈലിയില്‍ അദ്ദേഹത്തിന് സ്വന്തമായ ഒരു ശൈലിയുണ്ട്. ഏതു താരത്തിന്‍റെ കൂടെ അഭിനയിച്ചാലും അശോകന്‍റെ പ്രകടനത്തിന്‍റെ ശ്രീ മങ്ങാറില്ല .
എന്നാല്‍, ദിലീപിന്‍റെ കൂടെ അഭിനയിക്കുമ്പോള്‍ അശോകന്‍ കൂടുതല്‍ തിളങ്ങാറുണ്ട്. മിമിക്രി രംഗത്ത് പയറ്റി തെളിഞ്ഞതിനാലാകാം ഇവര്‍ മികച്ച അഭിനയ രസതന്ത്രം കാഴ്ചവയ്ക്കുന്നത്. പറക്കും തളിക, മീശമാധവന്‍, സി.ഐ.ഡി മൂസ തുടങ്ങിയ ചിത്രങ്ങളിലെ ഇവരുടെ പ്രകടനങ്ങള്‍ ഓര്‍മ്മയിലും ചിരി ഉണര്‍ത്തും.
സിനിമയില്‍ വന്ന കാലത്ത് ഒരു ടി.വി. പരമ്പരയില്‍ അവഗണിക്കപ്പെട്ട മകന്‍റെ കണ്ണീരണിഞ്ഞ റോള്‍ അവിസ്മരണീയമാക്കി അശോകന്‍ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്.
1959 ഏപ്രില്‍ ആറിന് മീനത്തിലെ അവിട്ടം നക്ഷത്രത്തിലാണ് അശോകന്‍റെ ജനനം - ബാബു എന്നാണ് ഓമനപ്പേര്‍. കുഞ്ഞപ്പനും ജാനകിയുമാണ് മാതാപിതാക്കള്‍. എറണാകുളമാണ് ജന്‍മസ്ഥലം.
എറണാകുളം എ.ഐ.എച്ച്.എസില്‍ പഠിക്കുമ്പോള്‍ സംസ്ഥാന യുവജനോത്സവത്തില്‍ മോണോ ആക്ടിന് അശോകന്‍ സമ്മാനം നേടിയിട്ടുണ്ട്. സിനിമാ അവാര്‍ഡുകളൊന്നും - ഒരു ഗ്യാലപ് പോള്‍ അവാര്‍ഡ് ഒഴിച്ച് - നേടിയിട്ടില്ലെങ്കിലും പ്രേക്ഷക മനസ്സില്‍ അദ്ദേഹത്തിന് മികച്ച സ്ഥാനമാണ്.
കൊച്ചിന്‍ നാടകട്രൂപ്പിലാണ് ആദ്യം പ്രവര്‍ത്തിച്ചത്. പിന്നെ കലാഭവനിലെത്തി. ഇതിനിടെ തപാല്‍വകുപ്പില്‍ ചെറിയൊരു ജോലിയും ചെയ്തിരുന്നു.
WD
പപ്പന്‍ പ്രിയപ്പെട്ട പപ്പനാണ് ആദ്യത്തെ സിനിമ. ഗോഡ് ഫാദറിലൂടെയാണ് ശ്രദ്ധേയനായത്. ദിലീപിനോടൊപ്പം ചെയ്ത കുറെ പടങ്ങള്‍ ഹരിശ്രീ അശോകന്‍റെ മികവിന് നിദര്‍ശനങ്ങളാണ്. ഹാസ്യം മാത്രമല്ല ഗൌരവതരങ്ങളായ വേഷങ്ങളും തനിക്കിണങ്ങുമെന്ന് അശോകന്‍ ‘ഒറ്റക്കൈയ്യന്‍’ എന്ന സിനിമയിലൂടെ തെളിച്ചു.
വലിയൊരു കുടുംബത്തിലെ അംഗമാണ് അശോകന്‍ - ഒമ്പത് സഹോദരങ്ങളുണ്ട്. പ്രീതയാണ് ഭാര്യ. ശ്രീക്കുട്ടി, അര്‍ജുന്‍ എന്നിവരാണ് മക്കള്‍.