മോഹന്‍ലാലിന് എങ്ങനെ മറക്കാനാവും ലോഹിയെ!

വ്യാഴം, 27 ജൂണ്‍ 2013 (17:56 IST)
PRO
“പോ...പോയി രക്ഷപ്പെട്... ഇനിയൊരു സേതു ഉണ്ടാകരുത്” - തന്‍റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയ അവനെ, കീരിക്കാടന്‍റെ മകനെ, തള്ളിയകറ്റി സേതു പറഞ്ഞു. പിന്നെ, കാടുപിടിച്ച ആ ഭൂമിയിലേക്ക് മലര്‍ന്നു കിടന്നു. സേതുമാധവന്‍. വിധിയുടെ ചതിക്കുഴികളില്‍ പെട്ട് കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്‍.

സേതുവിന്‍റെ മരണം കണ്ട് കണ്ണീര്‍വാര്‍ത്തവര്‍ മോഹന്‍ലാലിന്‍റെ അഭിനയത്തെ പുകഴ്ത്തിയില്ല. കാരണം, മോഹന്‍ലാലിനെ അവര്‍ കണ്ടതേയില്ല, അത് അവരുടെ സേതുവായിരുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ ഒളിച്ചോടിപ്പോകാതെ ജീവിതം ബലികൊടുത്ത സേതു.

ലോഹിതദാസ് എന്ന തിരക്കഥാകാരന്‍റെ മരണം കഴിഞ്ഞ് ഒരു സ്മൃതിസന്ധ്യയില്‍ മോഹന്‍ലാല്‍ പറഞ്ഞു - “എനിക്കെങ്ങനെ ലോഹിയെ മറക്കാനാവും?”. ഒരു നടന്‍ ഒരു തിരക്കഥാകാരനെ സ്മരിക്കുകയല്ല ആ വാക്കുകളിലൂടെ ചെയ്തത്. തനിക്ക് മണ്ണിന്‍റെ ചൂടും സ്നേഹത്തിന്‍റെ ഈര്‍പ്പവും കലര്‍ന്ന കഥാപാത്രങ്ങളെ സമ്മാനിച്ച്, ഓരോ മലയാളിയുടെയും വീട്ടിലെ അംഗമാക്കി മാറ്റിയ അനശ്വരനായ ഒരു പ്രതിഭയോടുള്ള കടപ്പാട് വെളിപ്പെടുത്തുകയാണ്.

ഒന്നാലോചിച്ചു നോക്കൂ, സേതുമാധവനോ കല്ലൂര്‍ ഗോപിനാഥനോ നന്ദഗോപനോ അല്ലാത്ത മോഹന്‍ലാലിനെ. എത്രമാത്രം അപൂര്‍ണമായിപ്പോകും ആ കഥാപാത്രങ്ങളില്ലെങ്കില്‍ ഈ മഹാനടന്‍റെ അഭിനയജീവിതം. മലയാളത്തിന്‍റെ ചൈതന്യം നിറഞ്ഞുനിന്ന കഥാപാത്രങ്ങളിലൂടെ ലാല്‍ എന്ന നടനെ മണ്ണില്‍ച്ചവിട്ടി നിര്‍ത്താന്‍ പ്രാപ്തനാക്കുകയായിരുന്നു ലോഹി.

ജ്യേഷ്ഠന്‍റെ ചിതയില്‍ ചവിട്ടിനിന്ന് ‘രാമകഥ’ പാടുന്ന കല്ലൂര്‍ ഗോപിനാഥന്‍റെ വ്യഥയില്‍ ഏവരും വേദനിച്ചു. ഒന്നു പൊട്ടിക്കരയാന്‍ പോലുമാകാതെ, ഉമിത്തീയിലെന്നവണ്ണം നീറി നില്‍ക്കുന്ന ഗോപിനാഥന്‍ മോഹന്‍ലാല്‍ ജീവന്‍ പകര്‍ന്ന ഏറ്റവും നല്ല കഥാപാത്രമാണ്. അയാളെപ്പോലെ ഒരു അനുജനെ ഏത് ജ്യേഷ്ഠനും ആഗ്രഹിക്കും. അയാളെപ്പോലെ ഒരു മകനെ ഏത് അമ്മയും ആഗ്രഹിക്കും.

സിബിക്കു വേണ്ടി അടുത്തതായി ചെയ്യുന്ന സിനിമയ്ക്ക് ഒരു കഥ ആലോചിച്ചുവച്ചു ലോഹി. എന്നാല്‍ ആ കഥയ്ക്ക് പഴയ ഒരു സിനിമാക്കഥയോട് സാമ്യമുണ്ടായിരുന്നു. ആ തിരിച്ചറിവിന്‍റെ ഇടര്‍ച്ചയില്‍ നിന്ന് പെട്ടെന്നുതന്നെ വേറിട്ട്, ഒരു ദിവസം കൊണ്ട് ചിട്ടപ്പെടുത്തിയ കഥയാണ് ‘ഭരതം’. കല്ലൂര്‍ ഗോപിനാഥന്‍റെയും രാമനാഥന്‍റെയും ജീവിതത്തിലെ സംഘര്‍ഷഭൂമിയിലൂടെ നടക്കുന്ന പ്രേക്ഷകര്‍ക്കറിയുമോ അതു വെറും ഒരു ദിവസത്തിന്‍റെ ആയുസുകൊണ്ട് ലോഹിയെന്ന മാജിക്കുകാരന്‍ സൃഷ്ടിച്ച അത്ഭുതമാണെന്ന്. അതുകൊണ്ടുതന്നെയാണ് നടി ഉര്‍വശി പറഞ്ഞത്, ശൂന്യതയില്‍ നിന്ന് ഒരു ‘ഭരതം’ സൃഷ്ടിക്കാന്‍ ലോഹിക്ക് മാത്രമേ കഴിയൂ എന്ന്.

കൊല്ലാന്‍ വേണ്ടിയാണ് അബ്ദുള്ള രാജകൊട്ടാരത്തിലെത്തിയത്. രാജാവിനെ കൊല്ലാന്‍. എന്നാല്‍ ഒരു കോഴിയെപ്പോലും കൊന്ന് പരിചയമില്ല അയാള്‍ക്ക്. കൊല്ലാന്‍ വന്നവന്‍ ഒടുവില്‍ രക്ഷകനായി മാറുന്നു. കൊലയാളിയും ഇരയും തമ്മിലുള്ള മാനസികവ്യാപാരങ്ങളുടെ ചിത്രണമായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള. അതുവരെ കണ്ടിട്ടില്ലാത്ത, വ്യത്യസ്തനായൊരു ലാലിനെ അബ്ദുള്ളയില്‍ മലയാളികള്‍ കണ്ടു.

ദശരഥത്തിലെ രാജീവ് മേനോനും പ്രേക്ഷകര്‍ക്ക് അന്നുവരെ പരിചയമില്ലാത്ത ഒരാളായിരുന്നു. അയാള്‍ സ്വന്തം ജീവിതം പന്തുപോലെ തട്ടിക്കളിക്കുന്നവനാണ്, ഗ്ലാസ് പോലെ എറിഞ്ഞുടയ്ക്കുന്നവനാണ്, ചപ്പാത്തി പോലെ പരത്തുന്നവനാണ്. ഒടുവില്‍, പെട്ടെന്നു തോന്നിയൊരു ഭ്രാന്തില്‍, സ്വന്തം ചോരയില്‍ നിന്ന് ഒരു കുഞ്ഞിനെ വേണമെന്ന ‘പുതിയ ഭ്രാന്തില്‍’ ഒരു ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുന്നവനാണ്. ഒടുവില്‍ ആ ഗര്‍ഭപാത്രത്തിന്‍റെ ഉടമ അവനോടു പറഞ്ഞു - “ഇതെന്‍റെ കുഞ്ഞാണ്. ആര്‍ക്കും വിട്ടുതരില്ല”. ഒരമ്മയുടെ സ്നേഹം രാജീവ് മേനോന്‍ ആദ്യമായി അറിഞ്ഞു. മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രമായിരുന്നു രാജീവ്.

തന്‍റെ അച്ഛന്‍, സഹോദരിയെ കൂട്ടിക്കൊടുത്താണ് ജീവിക്കാനുള്ള മാര്‍ഗം കണ്ടെത്തുന്നതെന്ന തിരിച്ചറിവില്‍, ഭ്രാന്തമായി അലറിക്കരയുന്ന സേതുമാധവന്‍ മലയാളികള്‍ക്ക് നടുക്കുന്ന കാഴ്ചയായിരുന്നു. “നിങ്ങളാണോ അച്ഛന്‍... നിങ്ങളെയാണോ ഞാന്‍ അച്ഛാ എന്നു വിളിച്ചത്... സ്നേഹിച്ചത്... ആരാധിച്ചത്” - ആ കരച്ചിലിന്‍റെ മുഴക്കം നെഞ്ചില്‍ നിന്ന് ഇപ്പോഴും ഇറങ്ങിപ്പോയിട്ടില്ല.

ധനത്തിലെ ശിവശങ്കരനും, കന്‍‌മദത്തിലെ വിശ്വനാഥനും, കമലദളത്തിലെ നന്ദഗോപനുമെല്ലാം പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ പ്രേക്ഷകമനസിലേക്ക് ഉണര്‍ത്തിവിട്ട കഥാപാത്രങ്ങളായിരുന്നു. കമലദളത്തില്‍ മോഹന്‍ലാലിന്‍റെ നാട്യവൈഭവം കണ്ട് അതിശയിച്ചവര്‍ അതെഴുതിയ ലോഹിക്ക് നാട്യശാസ്ത്രത്തില്‍ വലിയ അറിവുണ്ടെന്ന് വിശ്വസിച്ചു. എന്നാല്‍ നൃത്തരൂപങ്ങളെക്കുറിച്ചുള്ള പ്രാഥമിക ധാരണകള്‍ മാത്രമുള്ള തനിക്ക് കമലദളം ‘ദൈവം തന്ന ഭിക്ഷ’യായിരുന്നു എന്ന് ലോഹിതദാസ് കുറിച്ചു. അതായിരുന്നു സത്യം. ലോഹി ദൈവത്തോട് അടുത്തുനിന്നു എപ്പോഴും. ദൈവം പറഞ്ഞുകൊടുത്ത വാക്കുകള്‍ പകര്‍ത്തി വച്ചു.

മറ്റെല്ലാ കഥാപാത്രങ്ങളെയും മോഹന്‍ലാല്‍ മറന്നുപോയേക്കാം. മറ്റെല്ലാ സംവിധായകരെയും സിനിമകളെയും രചയിതാക്കളെയും ലാല്‍ മറന്നേക്കാം. എന്നാല്‍ ലോഹിയെയും ലോഹിയുടെ സേതുവിനെയും ഗോപിനാഥനെയുമൊന്നും ലാലിന് ഒരിക്കലും മറക്കാനാകില്ല. ഇന്നും മോഹന്‍ലാലിന്‍റെ പല സിനിമകളിലും നമ്മള്‍ സേതുവിനെ കണ്ടു മുട്ടുന്നു. ചില കഥാപാത്രങ്ങള്‍ രാജീവ് മേനോനെപ്പോലെ ഉറക്കെച്ചിരിക്കുന്നു. നന്ദഗോപനെപ്പോലെ തത്വം പറയുന്നു. വിശ്വനാഥനെപ്പോലെ രക്ഷകവേഷം കെട്ടുന്നു.

തന്നെ തേടിയെത്തിയ കൂട്ടുകാരന്‍ കേശവനോട് ചെങ്കോലില്‍ സേതുമാധവന്‍ പറയുന്നു - “നീ കണ്ടോ...അവിടെയാണ് എനിക്കെല്ലാം നഷ്ടപ്പെട്ടത്. ആ തെരുവില്‍...”. ഒരു തെരുവില്‍ തന്‍റെ കഥാപാത്രങ്ങളെ അലയാന്‍ വിട്ടിട്ട് ലോഹി മറഞ്ഞതിന്‍റെ നാലാം വാര്‍ഷികമാണ് ഇത്. പ്രേക്ഷകരുടെ മനസിന്‍റെ തെരുവില്‍ നിന്ന് അവര്‍ ഒഴിഞ്ഞുപോയിട്ടില്ല ഇതേവരെ.

വെബ്ദുനിയ വായിക്കുക