മമ്മൂട്ടിയേക്കാള്‍ പ്രേക്ഷകര്‍ക്കിഷ്ടം മോഹന്‍ലാലിനെയാണ്, എന്താണ് കാരണം?

ചൊവ്വ, 15 മെയ് 2012 (18:24 IST)
PRO
മമ്മൂട്ടിയും മോഹന്‍ലാലും പതിറ്റാണ്ടുകളായി മലയാള സിനിമയ്ക്ക് തണലേകുന്ന വന്മരങ്ങളാണ്. ഇവരെ മാറ്റിനിര്‍ത്തി ഇന്ത്യന്‍ സിനിമയുടെ ചരിത്രമെഴുതാന്‍ തുനിഞ്ഞാല്‍ അതില്‍പ്പരമൊരു വിഡ്ഢിത്തം വരാനില്ല. അഭിനയകലയില്‍ ഇത്രയും തലയെടുപ്പുള്ള കൊമ്പന്‍‌മാര്‍ ഇതര ഭാഷകളിലും അപൂര്‍വം. എന്നാല്‍ ഇവരെ താരത്യപ്പെടുത്താന്‍ ശ്രമിച്ചാലോ? അതിലും ക്ലേശകരമായ ഒരു കാര്യം വേറെയില്ലതന്നെ.

മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടന്‍ എന്ന ചോദ്യം ഏറെക്കാലമായി മലയാളികളുടെ നേരമ്പോക്കാണ്. ഇതിനുത്തരം കണ്ടെത്തുക പ്രയാസം. എന്നാല്‍ മറ്റൊരു രീതിയില്‍ ഈ ചോദ്യത്തിന് ഒരുത്തരം പറയാം. മമ്മൂട്ടിയേക്കാള്‍ പ്രേക്ഷകര്‍ക്കിഷ്ടം മോഹന്‍ലാലിനെയാണ്. ഇത് തികച്ചും ഏകപക്ഷീയമായ ഒരു പ്രസ്താവനയല്ല. കേരളത്തിന്‍റെ ഏത് കോണില്‍ നിന്ന് നൂറുപേരെ തെരഞ്ഞെടുത്ത് ഈ ചോദ്യം ചോദിച്ചാലും - ഭൂരിപക്ഷം പേരും ഇഷ്ടപ്പെടുന്ന താരം മോഹന്‍ലാലാണെന്ന മറുപടി കിട്ടും. മമ്മൂട്ടി മോഹന്‍ലാലിനേക്കാള്‍ മോശം നടനല്ല, എന്നാല്‍ മലയാളികള്‍ ഏറെയിഷ്ടപ്പെടുന്ന താരം മോഹന്‍ലാലാണ്. എന്താണ് അതിന് കാരണം?

അടുത്ത പേജില്‍ - മമ്മൂട്ടിയെപ്പോലെയല്ല, ബിഗ്ബിയെപ്പോലെയുമല്ല!

PRO
മാതൃഭൂമി സ്പോര്‍ട്സ് മാസിക സച്ചിന്‍ ടെണ്ടുല്‍ക്കറിനെപ്പറ്റി ഇറക്കിയ പ്രത്യേക പതിപ്പില്‍ വി ടി സന്തോഷ് കുമാര്‍ എഴുതിയ ‘അര്‍ധനാരീശ്വരന്‍’ എന്നൊരു ലേഖനമുണ്ട്. ലേഖനം സച്ചിനെക്കുറിച്ചാണ്. അദ്ദേഹം സച്ചിനെക്കുറിച്ച് എഴുതിയ കാര്യങ്ങളൊക്കെ മോഹന്‍ലാലിനും ബാധകമാണെന്ന് നിസംശയം പറയാം. മോഹന്‍ലാലിനെ ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണം അദ്ദേഹത്തിലെ സ്ത്രൈണതയാണെന്നാണ് പറഞ്ഞുവരുന്നത്. ‘പുരുഷനിലുള്ള സ്ത്രീയെ തുറന്നുവിടുമ്പോള്‍ അയാ‍ള്‍ കലാകാരനാകുന്നു, പ്രതിഭയാകുന്നു’ - സന്തോഷ്കുമാര്‍ സച്ചിനെപ്പറ്റി പറയുന്നത് ഇവിടെയും ഉപയോഗിക്കാം. മോഹന്‍ലാല്‍ തന്‍റെ സിനിമകളില്‍ തന്നിലെ സ്ത്രീയെയാണ് തുറന്നുവിട്ടത്. അതുകൊണ്ടുതന്നെ അദ്ദേഹം കലാരംഗത്ത് തന്‍റെ അജയ്യത തുടരുകയാണ്.

അമിതാഭ് ബച്ചനെപ്പോലെ, മമ്മൂട്ടിയെപ്പോലെ പൌരുഷം തികഞ്ഞ ശബ്ദമല്ല മോഹന്‍ലാലിന്‍റേത്. ആദ്യചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ സ്ത്രൈണത നിറഞ്ഞ വില്ലനായിരുന്നു ലാല്‍. അത് അദ്ദേഹത്തിന്‍റെ അടിസ്ഥാനഭാവമാണ്. അതിന്‍റെ വ്യത്യസ്ത രീതിയിലുള്ള ഉപയോഗമാണ് മോഹന്‍ലാലിനെ ഏവര്‍ക്കും പ്രിയപ്പെട്ടവനാക്കുന്നത്. സച്ചിന്‍ അധികരഭാവത്തോടെയല്ല ക്രിക്കറ്റ് കൈകളിലേന്തുന്നത്. “വീണമീട്ടുന്ന ഒരു സുന്ദരിയെപ്പോലെ സച്ചിന്‍ ക്രിക്കറ്റ് ബാറ്റിനെ ഓമനിച്ചു. നര്‍ത്തകിയുടെ പദവിന്യാസങ്ങളോടെ പിച്ചിനെ രംഗവേദിയാക്കി. കുലീനയായൊരു വീട്ടമ്മയെപ്പോലെ പുഞ്ചിരിച്ചു. യൌവനയുക്തയെപ്പോലെ നാണംകുണുങ്ങി. പതിനാറുകാരിയുടെ ജിജ്ഞാസ കണ്ണുകളില്‍ കാത്തുസൂക്ഷിച്ചു” - ഈ പറഞ്ഞതെല്ലാം മോഹന്‍ലാലും മുപ്പതിലേറെ വര്‍ഷങ്ങളായി മലയാള സിനിമാലോകത്ത് പ്രയോഗിക്കുന്നു.

അടുത്ത പേജില്‍ - അവര്‍, മര്‍ലന്‍ ബ്രാന്‍ഡോയും വില്‍സ് സ്മിത്തും!

PRO
ലാല്‍ ചിരിക്കുമ്പോള്‍, ലാലിന്‍റെ കണ്ണുകള്‍ നിറയുമ്പോള്‍, ലാല്‍ നിഷ്കളങ്കമായി സംസാരിക്കുമ്പോള്‍ എല്ലാം കണ്ടെത്താനാകുന്നത് ആ സ്ത്രൈണഭാവത്തിന്‍റെ സൌന്ദര്യമാണ്. അതിന് പുരുഷാധികാരസ്വരത്തേക്കാള്‍ ശക്തിയും ആര്‍ജ്ജവവുമുണ്ട്. ആ ഭാവപൂര്‍ണതയെയാണ് മലയാളികള്‍ ഇഷ്ടപ്പെട്ടത്. ശ്രീകൃഷ്ണനോട് തോന്നുന്ന പ്രേമവും ആരാധനയും മോഹന്‍ലാലിനോട് തോന്നുന്നത് അതുകൊണ്ടാണ്. സ്ത്രീ - പുരുഷ പ്രകൃതങ്ങളുടെ സംയോജനത്താല്‍ പൂര്‍ണനാണ് മോഹന്‍ലാല്‍. സച്ചിനെപ്പോലെ, എ ആര്‍ റഹ്‌മാനെപ്പോലെ മോഹന്‍ലാലും തന്‍റെ രംഗത്ത് അജയ്യനായി മാറിയത് അതിനാലാണ്.

വിവിധ രംഗങ്ങള്‍ എടുത്തുനോക്കാം. പ്രേം നസീര്‍, എ ആര്‍ റഹ്‌മാന്‍, മര്‍ലന്‍ ബ്രാന്‍ഡോ, സച്ചിന്‍, മൈക്കല്‍ ജാക്സന്‍, രാജീവ് ഗാന്ധി, ലിയാനാര്‍ഡോ ഡികാപ്രിയോ, ബെന്‍ അഫ്ലെക്ക്, വില്‍‌സ് സ്മിത്ത്, ഹ്യൂ ഗ്രാന്‍റ്, സത്യസായി ബാബ, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങി വിവിധ മേഖലകളിലെ ഏറ്റവും പ്രശസ്തരായവര്‍ അവരുടെ സ്ത്രൈണഭാവം കൊണ്ട് ജനമനസില്‍ കുടിയേറിയവരാണ്. പൌരുഷത്തിനല്ല, സ്ത്രീത്വത്തിനാണ് കരുത്ത് എന്ന് തിരിച്ചറിഞ്ഞവരാണ് അവര്‍.

“വലിയ മനുഷ്യര്‍ക്ക് ചെറിയ ശബ്ദം മതി. കാരണം, അവര്‍ ചുണ്ടനക്കുമ്പോള്‍ ലോകം കാതുകൂര്‍പ്പിക്കും”

വെബ്ദുനിയ വായിക്കുക