പത്‌മരാജന്‍ ചിത്രങ്ങളുടെ ആരാധകന്‍, പത്‌മരാജനെപ്പോലെ കടന്നുപോയി!

രവിശങ്കരന്‍

ശനി, 27 ഫെബ്രുവരി 2016 (15:20 IST)
പത്മരാജന്‍ ചിത്രങ്ങളുടെ കടുത്ത ആരാധകനായിരുന്നു രാജേഷ് പിള്ള. ആ സിനിമകള്‍ കണ്ടാണ് സിനിമയിലേക്ക് പോലും രാജേഷ് പിള്ള ആകൃഷ്ടനാകുന്നത്. ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന തന്‍റെ സിനിമ റിലീസായി നാളുകള്‍ക്കുള്ളിലാണ് പത്മരാജന്‍ വിടവാങ്ങിയത്. ‘വേട്ട’ എന്ന തന്‍റെ സിനിമ റിലീസായതിന്‍റെ തൊട്ടടുത്ത ദിവസം രാജേഷ് പിള്ളയും മരണത്തിലേക്ക് നടന്നുപോയിരിക്കുന്നു.
 
ഒരുപാട് സിനിമകള്‍ സംവിധാനം ചെയ്തിട്ടില്ല രാജേഷ് പിള്ള. പക്ഷേ ചെയ്ത സിനിമകളിലെല്ലാം അസാധാരണ പ്രതിഭയുള്ള ഒരു സംവിധായകന്‍റെ കരസ്പര്‍ശം ദര്‍ശിക്കാം. ട്രാഫിക് എന്ന ഒരൊറ്റ ചിത്രം മതി രാജേഷ് പിള്ളയെ മലയാള ചലച്ചിത്രലോകവും പ്രേക്ഷകരും എക്കാലവും ഓര്‍ത്തിരിക്കാന്‍.
 
മലയാളത്തില്‍ നവതരംഗത്തിന് തുടക്കം കുറിച്ച സിനിമയായിരുന്നു ട്രാഫിക്. അത് സൃഷ്ടിക്കുന്നതിന് മുമ്പ് ഒരു സിനിമ രാജേഷ് പിള്ള സംവിധാനം ചെയ്തിരുന്നു. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ആ സിനിമ ഒരു പരാജയമായിരുന്നു. ആദ്യചിത്രത്തിന്‍റെ കനത്ത പരാജയം നല്‍കിയ വേദന തന്നെ വിഷാദരോഗത്തോളം കൊണ്ടെത്തിച്ചിരുന്നു എന്ന് രാജേഷ് പിള്ള തന്നെ പറഞ്ഞിട്ടുണ്ട്. ആ കടുത്ത വേദനയില്‍ നിന്ന് രാജേഷ് പിള്ളയെ രക്ഷിച്ചതും ഒരു പത്മരാജന്‍ ആരാധകനാണ്.
 
തിരക്കഥാകൃത്ത് സഞ്ജയ് ആയിരുന്നു അത്. നല്ല സിനിമകളുടെ ലോകത്തേക്ക് അതിവേഗം മടങ്ങിയെത്താന്‍ സഞ്ജയ് രാജേഷ് പിള്ളയ്ക്ക് ധൈര്യം നല്‍കി. സഞ്ജയ്-ബോബി ടീം അതിനായി എഴുതി നല്‍കിയ തിരക്കഥയായിരുന്നു ട്രാഫിക്. രാജേഷ് പിള്ള എന്ന മികച്ച സംവിധായകനെ ആ സിനിമയിലൂടെ മലയാള സിനിമാലോകം തിരിച്ചറിയുകയായിരുന്നു.
 
ട്രാഫിക് സിനിമയുടെ ആദ്യപകുതി അവസാനിക്കുമ്പോള്‍ തന്നെ പ്രേക്ഷകര്‍ എണീറ്റുനിന്ന് കൈയടിച്ച് ചിത്രത്തിന്‍റെ വരവ് ആഘോഷമാക്കി. അതോടെ സിനിമാലോകത്തിന്‍റെ നടുമുറ്റത്ത് രാജേഷ്പിള്ള കസേരയിട്ടിരുന്നു. പിന്നീട് ‘മിലി’ എന്ന ചെറുചിത്രം എത്തി. ഹൃദയസ്പര്‍ശിയായ ഒരു കഥ പറഞ്ഞ മിലിയെയും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇതിനിടയില്‍ ട്രാഫിക്കിന്‍റെ ഹിന്ദി റീമേക്കിന്‍റെ പണിപ്പുരയിലും രാജേഷ്പിള്ള സജീവമായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍, കുഞ്ചാക്കോ ബോബന്‍റെ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്നീ പ്രൊജക്ടുകളും ചര്‍ച്ചകള്‍ ഏറെ നടന്നെങ്കിലും പ്രാവര്‍ത്തികമായില്ല.
 
ഒടുവില്‍ ‘വേട്ട’ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍. മഞ്ജു വാര്യരും ചാക്കോച്ചനും ഇന്ദ്രജിത്തും മത്സരിച്ചഭിനയിച്ച സിനിമ. ഈ സിനിമയുടെ ജോലികള്‍ക്കായി ഉറക്കവും ഭക്ഷണവും പോലും രാജേഷ് പിള്ള മാറ്റിവച്ചു. സ്വന്തം ജീവിതം മറന്നുള്ള ഒരു സമര്‍പ്പണമായിരുന്നു അത്. ഒടുവില്‍ വേട്ട റിലീസായ അന്നുതന്നെ രാജേഷ് പിള്ള ഒരു ആശുപത്രിയുടെ ഐ സി യുവില്‍ പ്രവേശിക്കപ്പെട്ടു. തന്‍റെ സിനിമയുടെ വിധി എന്തെന്നുപോലുമറിയാതെ രാജേഷ് പിള്ള കടന്നുപോകുകയും ചെയ്തിരിക്കുന്നു.
 
നല്ല സിനിമകളുടെ സംവിധായകനാണ് മറഞ്ഞുപോയത്. പരിചയപ്പെടുന്ന ആര്‍ക്കും ‘നല്ല മനുഷ്യന്‍’ എന്ന അഭിപ്രായം മാത്രം. രാജേഷ് പിള്ള ഒടുവില്‍ നല്‍കിയ ചിത്രത്തെക്കുറിച്ചും മലയാളികള്‍ക്ക് ആ അഭിപ്രായമാണ് - നല്ല സിനിമ.

വെബ്ദുനിയ വായിക്കുക