ദിലീപിനാണ് മൂല്യം - തോമയ്ക്ക് സാറ്റലൈറ്റ് റൈറ്റിന് 5.3 കോടി!

ചൊവ്വ, 16 ഏപ്രില്‍ 2013 (15:07 IST)
PRO
മമ്മൂട്ടിയും ദിലീപും ഒന്നിച്ച കമ്മത്ത് ആന്‍റ് കമ്മത്ത് തിയേറ്ററുകളില്‍ വീണെങ്കിലും സാറ്റലൈറ്റ് റൈറ്റിലൂടെ നാലു കോടി 90 ലക്ഷം രൂപ നേടി വാര്‍ത്ത സൃഷ്ടിച്ചിരുന്നു. മഴവില്‍ മനോരമയായിരുന്നു ഇത്രയും വലിയ തുകയ്ക്ക് കമ്മത്ത് ബ്രദേഴ്സിനെ വാങ്ങിയത്. കനത്ത പരാജയമാകുമായിരുന്ന ആ സിനിമ നഷ്ടമാകാതെ പിടിച്ചുനിന്നത് ഇത്രയും വലിയ തുക സാറ്റലൈറ്റ് റൈറ്റ് കിട്ടിയതുകൊണ്ട് മാത്രമാണ്.

മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രങ്ങളേക്കാള്‍ സാറ്റലൈറ്റ് അവകാശത്തുക സ്വന്തമാക്കി ദിലീപ് റെക്കോര്‍ഡിട്ടതാണ് പുതിയ വാര്‍ത്ത. ദിലീപിന്‍റെ പുതിയ സിനിമയായ സൌണ്ട് തോമയ്ക്ക് സാറ്റലൈറ്റ് റൈറ്റായി കിട്ടിയത് അഞ്ചുകോടി 30 ലക്ഷം രൂപ! മലയാള സിനിമയില്‍ ഇതുവരെ ലഭിച്ച ഏറ്റവും ഉയര്‍ന്ന സാറ്റലൈറ്റ് റൈറ്റ് തുകയാണിത്. മഴവില്‍ മനോരമ തന്നെയാണ് സൌണ്ട് തോമയെയും സ്വന്തമാക്കിയിരിക്കുന്നത്.

ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ‘സൌണ്ട് തോമ’ തിയേറ്ററുകളില്‍ മോശം പ്രകടനമാണ് നടത്തുന്നത്. സമീപകാലത്തിറങ്ങിയ ഏറ്റവും മോശം സിനിമകളില്‍ ഒന്നാണ് സൌണ്ട് തോമ. മിമിക്രി നിലവാരം മാത്രമാണ് ഈ സിനിമയിലെ പല രംഗങ്ങളും പുലര്‍ത്തുന്നത്. എന്നിട്ടും ഈ സിനിമയ്ക്ക് ഇത്രയും വലിയ സാറ്റലൈറ്റ് തുക ലഭിച്ചതിന്‍റെ കാരണം എന്താണ്? ‘ദിലീപ്’ എന്നുമാത്രമാണ് അതിന്‍റെ ഉത്തരം.

അടുത്ത പേജില്‍ - പടം മോശമായിക്കോട്ടെ, ദിലീപുണ്ടെങ്കില്‍ ഹിറ്റ് ഉറപ്പ്!

PRO
പടം നല്ലതായാലും ചീത്തയായാലും ദിലീപാണ് താരമെങ്കില്‍ പടം ഹിറ്റാകുമെന്ന് ഉറപ്പാണെന്ന് നിര്‍മ്മാതാക്കളും സംവിധായകരും പറയുന്നു. മലയാളത്തില്‍ മറ്റൊരു താരത്തിനും ഈ മിനിമം ഗ്യാരണ്ടി ഇപ്പോള്‍ പറയാനാകില്ല. സൌണ്ട് തോമ എന്ന സിനിമ ലാഭമായി മാറുന്നതും ഈ ദിലീപ് മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ഇതിനുമുമ്പ് വന്ന പല ദിലീപ് ചിത്രങ്ങളും രക്ഷപ്പെട്ടതും ഈ താരമൂല്യത്തിന്‍റെ ബലത്തില്‍ മാത്രമാണ്.

മലയാളത്തിലെ ചില സൂപ്പര്‍താരങ്ങളേപ്പോലെ പ്രതിഫലക്കാര്യത്തില്‍ വലിയ നിര്‍ബന്ധബുദ്ധിയുള്ളയാളല്ല ദിലീപ്. പ്രതിഫലം കുറച്ചുകൊണ്ട് ചില ഏരിയകളിലെ വിതരണാവകാശം മതി എന്ന് ദിലീപ് പറയാറുണ്ട്. അത് റിസ്കുള്ള കാര്യമാണ്. സിനിമ ഓടിയില്ലെങ്കില്‍ നഷ്ടം ഉറപ്പാണ്. ഓടിയാല്‍ ലോട്ടറിയും. മായാമോഹിനി എന്ന സിനിമയില്‍ വിതരണാവകാശത്തിലൂടെ ദിലീപ് മൂന്നരക്കോടി രൂപയോളമാണ് സ്വന്തമാക്കിയത്.

കഥയും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതില്‍ ദിലീപ് കാണിക്കുന്ന മിടുക്കാണ് അദ്ദേഹത്തിന്‍റെ സിനിമകളുടെ വിജയരഹസ്യം. ഒരുകോടിക്ക് മേല്‍ പ്രതിഫലം വാങ്ങുന്ന താരത്തിന്‍റെ ചില സിനിമകള്‍ക്ക് കഴിഞ്ഞ വര്‍ഷം 30 കോടിയിലേറെ രൂപയുടെ ബിസിനസ് നടന്നു എന്നതാണ് വിസ്മയകരമായ വസ്തുത.

വെബ്ദുനിയ വായിക്കുക