ജഗതി സംസാരിച്ചുതുടങ്ങി, ഉടന്‍ ആശുപത്രി വിട്ടേക്കും

ശനി, 28 ജൂലൈ 2012 (17:49 IST)
PRO
കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന് സംസാരശേഷി തിരിച്ചുകിട്ടി. ജഗതി ശ്രീകുമാര്‍ സംസാരിച്ചുതുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് പൂര്‍ണമായ വ്യക്തത ലഭിച്ചിട്ടില്ല.

ആശുപത്രി മുറിയില്‍ മറ്റുള്ളവരുടെ സഹായത്തോടെ നടക്കാന്‍ ജഗതിക്ക് കഴിയുന്നുണ്ട്. ഈ രീതിയില്‍ പുരോഗതി തുടര്‍ന്നാല്‍ അദ്ദേഹം ഉടന്‍ തന്നെ ആ‍ശുപത്രി വിടാനാണ് സാധ്യത. എങ്കിലും രണ്ടുമാസത്തോളം ചികിത്സ തുടരേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

ജഗതി വ്യായാമമുറകളെല്ലാം ദിവസവും പരിശീലിക്കുന്നുണ്ട്. സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തെ നിരന്തരം സന്ദര്‍ശിച്ച് ആശയവിനിമയം നടത്തുന്നുണ്ട്. ഇന്നസെന്‍റ്, മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്ഗോപി, സുകുമാരി, നന്ദു തുടങ്ങിയവര്‍ ജഗതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

മാര്‍ച്ച് 10നാണ് ജഗതി അപകടത്തില്‍ പെട്ടത്. കോഴിക്കോട്ട് 'മിംസി'ലെ ചികിത്സയ്ക്ക് ശേഷം വിദഗ്ധചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുവരികയായിരുന്നു.

വെബ്ദുനിയ വായിക്കുക