ചിറകറ്റ ഒരു പക്ഷിയെപ്പോലെ ശ്രീനാഥ്‌

വെള്ളി, 23 ഏപ്രില്‍ 2010 (12:36 IST)
PRO
ചിറകറ്റ പക്ഷിക്കു ചിറകുമായ്‌ നീയിനി
പിറകേ വരല്ലേ വരല്ലേ
നീ തന്നെ ജീവിതം സന്ധ്യേ, നീ തന്നെ മരണവും സന്ധ്യേ
നീ തന്നെയിരുളുന്നു, നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ....

അയ്യപ്പപ്പണിക്കരുടെ പ്രശസ്തമായ കവിതയും പാടി, തലയ്ക്‌ അല്‍പ്പം കുഴപ്പമുള്ള മട്ടില്‍ ആടിയുലഞ്ഞു നടന്നു പോകുന്ന പാരലല്‍ കോളജ്‌ അധ്യാപകന്‍. അത്‌ ശ്രീനാഥ്‌ അവതരിപ്പിച്ച ഒരു കഥാപാത്രമാണ്‌. 'കുടുംബപുരാണം' എന്ന ചിത്രത്തില്‍. ഇന്ന്‌ ആ ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടപ്പോള്‍ ആ ദൃശ്യമാണ്‌ മനസില്‍ വന്നത്‌. ശ്രീനാഥ്‌ മരണത്തിലേക്ക്‌ സ്വയം നടന്നു മറഞ്ഞിരിക്കുന്നു.

സ്നേഹത്തിന്റെ മുഖമായിരുന്നു ശ്രീനാഥിന്‌ എന്നും ചേരുന്നത്‌. സി ബി ഐ ഡയറിക്കുറിപ്പിലും അതിന്റെ തുടര്‍ച്ചകളിലും വില്ലന്‍ കഥാപാത്രങ്ങളില്‍ തിളങ്ങാനായെങ്കിലും മലയാള പ്രേക്ഷകര്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല, ശ്രീനാഥിനെ വില്ലന്‍ വേഷങ്ങളില്‍ കാണാന്‍. നായകനായോ നായകന്റെ സുഹൃത്തായോ മലയാളികള്‍ അദ്ദേഹത്തെ അംഗീകരിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തി൹ മേല്‍ എന്നും നിഴല്‍ വീഴ്ത്തി നിന്നിരുന്നു.

80കളില്‍, മലയാളത്തിലെ ഇന്നത്തെ സൂപ്പര്‍താരങ്ങള്‍ നായകവേഷങ്ങളിലേക്ക്‌ കടക്കുന്ന സമയത്തു തന്നെയാണ്‌ ശ്രീനാഥും നായകനായി സിനിമയിലെത്തുന്നത്‌. എന്നാല്‍ ചില ചിത്രങ്ങളില്‍ നായകനായ ശേഷം അദ്ദേഹത്തിന്‌ അവസരം കുറയുകയായിരുന്നു. ശാലിനി എന്റെ കൂട്ടുകാരി, ഊതിക്കാച്ചിയ പൊന്ന്‌, ഇതു ഞങ്ങളുടെ കഥ, സാഗരം ശാന്തം, സന്ധ്യമയങ്ങും നേരം, പിരിയില്ല നാം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്‌.

നായകനായി അധികം തിളങ്ങാന്‍ കഴിയാതെ പോയപ്പോള്‍ തമിഴിലും ശ്രീനാഥ്‌ ഭാഗ്യപരീക്ഷണം നടത്തി. ചില തമിഴ്‌ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിരുന്നു. തന്റെ തട്ടകം മലയാളം തന്നെയാണെന്ന്‌ തിരിച്ചറിഞ്ഞ്‌ വീണ്ടും മലയാള സിനിമയിലേക്ക്‌ വന്നു.

കൂടും തേടി, പറയാന്‍ വയ്യ പറയാതിരിക്കാനും വയ്യ, ജാലകം, ഇരുപതാം നൂറ്റാണ്ട്‌ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രീനാഥിന്‌ നല്ല വേഷങ്ങളായിരുന്നു. എന്നാല്‍ 1988ല്‍ കെ മധു സംവിധാനം ചെയ്ത ഒരു സി ബി ഐ ഡയറിക്കുറിപ്പ്‌ റിലീസ്‌ ചെയ്തതോടെ ശ്രീനാഥിന്റെ സമയം തെളിയുകയാണെന്ന്‌ സിനിമാലോകം കരുതി. ആ ചിത്രത്തിലെ സണ്ണി എന്ന കഥാപാത്രം ഒരു പുതിയ വില്ലന്റെ ജനനമാണെന്ന്‌ തോന്നിപ്പിച്ചു.


PRO
എന്നാല്‍ മുമ്പ്‌ പറഞ്ഞതുപോലെ, സ്നേഹം നിറഞ്ഞ മുഖം ശ്രീനാഥിനെ വില്ലന്‍ വേഷങ്ങളില്‍ തുടരുന്നതിന്‌ തടസമായി. മൂന്നാം മുറ, എഴുതാപ്പുറങ്ങള്‍, സര്‍വ്വകലാശാല, വ്രതം തുടങ്ങിയ ചിത്രങ്ങളും ആ കാലഘട്ടത്തില്‍ ശ്രീനാഥിന്റെ പ്രധാനപ്പെട്ട സിനിമകളാണ്‌.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുഹൃത്തായി നിരവധി സിനിമകളില്‍ ശ്രീനാഥ്‌ വേഷമിട്ടു. ആഗസ്റ്റ്‌ ഒന്നില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കുറ്റാന്വേഷകന്റെ അടുത്ത സുഹൃത്താണ്‌ ശ്രീനാഥ്‌. കിരീടത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സേതുമാധവന്‌ എന്തും തുറന്നുപറയാന്‍ കഴിയുന്ന ഉത്തമസുഹൃത്ത്‌ കേശവനായി ശ്രീനാഥ്‌ തിളങ്ങി.ചെങ്കോലിലും ഈ കഥാപാത്രം ആവര്‍ത്തിച്ചു.

ദേവാസുരത്തിലും മോഹന്‍ലാലിന്റെ ചങ്ങാതിയായി വേഷമിട്ടു. തൂവല്‍ക്കൊട്ടരത്തില്‍ ജയറാമിന്റെയും മേഘമല്‍ഹാറില്‍ ബിജു മേനോന്റെയും സുഹൃത്തായി.

ജീവിതത്തില്‍ ആരോടും പിണങ്ങാന്‍ കഴിയാത്ത, ആവശ്യത്തിലേറെ സെന്റിമെന്റലായ മ൹ഷ്യനായിരുന്നു ശ്രീനാഥ്‌. ശാന്തികൃഷ്ണയുമായുള്ള വിവാഹജീവിതത്തിലെ താളപ്പിഴകള്‍ അദ്ദേഹത്തിന്റെ അമിതമായ സെന്റിമെന്റല്‍ ചിന്തകളുടെ ഫലമായിരുന്നു എന്നാണ്‌ മനസിലാക്കാന്‍ കഴിയുന്നത്‌.

ആദ്യ വിവാഹം പരാജയപ്പെട്ടതിന്‌ ശേഷം മറ്റൊരു വിവാഹം കഴിച്ച ശ്രീനാഥ്‌ സംതൃപ്തമായ കുടുംബജീവിതമാണ്‌ നയിച്ചുവന്നിരുന്നത്‌. സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ സീരിയലുകളില്‍ ശ്രീനാഥിന്‌ അവസരങ്ങളുടെ പ്രവഹമായിരുന്നു. കഴിഞ്ഞ പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായി ആറ്റിങ്ങലില്‍ നിന്നും മത്സരിച്ചിരുന്നു. പൊതുജീവിതത്തില്‍ കൂടുതല്‍ സജീവമായി ഇടപെടാ൹ള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രീനാഥിനെ പ്രേരിപ്പിച്ചത്‌.

ബിഗ്സ്ക്രീനില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട്‌ മടങ്ങിയെത്തണമെന്ന്‌ ശ്രീനാഥ്‌ മോഹിച്ചിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ശിക്കാറില്‍ നല്ലൊരു കഥാപാത്രം തേടിയെത്തിയപ്പോള്‍ ശ്രീനാഥ്‌ അതിയായി ആഹ്ലാദിച്ചു. 'ഞാന്‍ ഒരു റീ എന്‍ട്രി നടത്തുകയാണ്‌' എന്ന്‌ അടുത്ത സുഹൃത്തക്കളെയൊക്കെ വളരെ ആഹ്ലാദത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ വിളിച്ചുപറഞ്ഞു. ഇതിനായി കോതമംഗലത്ത്‌ ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു.

ശിക്കാറിലെ അവസരം നഷ്ടപ്പെടുകയോ കഥാപാത്രത്തിന്റെ പ്രധാന്യത്തില്‍ വന്ന കുറവോ, എന്താണെനറിയില്ല ശ്രീനാഥിന്റെ മനസ്‌ വല്ലാതെ ഉലഞ്ഞിരുന്നു എന്നാണ്‌ റിപ്പോര്‍ട്ടുകളില്‍ നിന്ന്‌ മനസിലാക്കാന്‍ കഴിയുന്നത്‌. കഴിഞ്ഞ രണ്ടു ദിവസമായി ഹോട്ടലിലെ മുറിയില്‍ നിന്ന്‌ അദ്ദേഹം പുറത്തിറങ്ങിയില്ല. മനസ്‌ ഏറെ കലുഷിതമായ ഏതോ മുഹൂര്‍ത്തത്തില്‍ ഈ ജീവിതത്തില്‍ നിന്ന്‌ പറന്നകലാ൹ള്ള തീരുമാനം അദ്ദേഹം നടപ്പക്കിയെന്നുവേണം കരുതാന്‍.

ചിറകറ്റ പക്ഷിക്ക്‌ ചിറകുമായി ആരും പിറകേ വരാത്ത ലോകത്തിലേക്ക്‌ അദ്ദേഹം പൊയ്ക്കഴിഞ്ഞു. ഒരു നല്ല കലാകാരന്റെ, നല്ല മ൹ഷ്യന്റെ ഇല്ലാതാകല്‍. മലയാള സിനിമയില്‍ ശ്രീനാഥിന്റെ അഭാവം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും പ്രേക്ഷകരെയും ഒരുപോലെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും.

വെബ്ദുനിയ വായിക്കുക