ഗോപാലകൃഷ്ണന്‍റെ യാത്രകള്‍

PROPRO
പ്രിയദര്‍ശന്‍റെ സിനിമകള്‍ ഉത്സവം പോലെയാണ്. ചിരിയുടെയും അല്പം നൊമ്പരത്തിന്‍റെയും മേമ്പൊടിയില്‍ കഥ പറയുന്നു. തിയേറ്ററുകളില്‍ ആളും ആരവവും. ഈ ആരവത്തിന്‍റെ ഭാഗമായി ഒരിക്കല്‍ ഗോപാലകൃഷ്ണനും ഉണ്ടായിരുന്നു.

പ്രിയദര്‍ശന്‍റെ സിനിമകള്‍ കാണാന്‍ തിയേറ്ററിനു മുന്നില്‍ ആവേശത്തോടെ ക്യൂവില്‍ നിന്നവന്‍. മോഹന്‍ലാലിന്‍റെ തമാശകള്‍ കണ്ട് സ്വയം മറന്നു പൊട്ടിച്ചിരിച്ചവന്‍. മോഹന്‍ലാലിന്‍റെ സ്ഥാനത്ത് സ്വയം കല്പിച്ചു നോക്കി "കണ്ണാടിപ്രകടനം' നടത്തിയവന്‍... ഗോപാലകൃഷ്ണന്‍റെ ജീവിതയാത്രയുടെ തുടക്കം അവിടെയായിരുന്നു.

ഇന്ന് ഗോപാലകൃഷ്ണന് പേര് ദിലീപ് എന്നാണ്. പ്രിയദര്‍ശന്‍റെ വെട്ടം എന്ന സിനിമയില്‍ നായക വേഷം കെട്ടി മനസ്സിലെ ആഗ്രഹം സത്യമാക്കിയവന്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഏറ്റവും മികച്ച ആക്ഷന്‍ കഥാപാത്രങ്ങളെ നല്‍കിയ ജോഷിയുടെ മെഗാഹിറ്റ് ചിത്രത്തില്‍ ആക്ഷന്‍ ഹീറോയായി കസറിയവന്‍. ഇപ്പോള്‍ സ്വയം നിര്‍മ്മിക്കുന്ന കഥാവശേഷന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരുന്നു. ഇതിന്‍റെ സംവിധായകന്‍ - ടി.വി.ചന്ദ്രന്‍!

വിജയങ്ങള്‍ വെട്ടിപ്പിടിച്ചവനാണ് ദിലീപ്. സൂപ്പര്‍സ്റ്റാറിന്‍റെ സിംഹാസനം ബുദ്ധിയും കഴിവും കൊണ്ട് പിടിച്ചെടുത്ത താരം. ഈ പതിറ്റാണ്ടിന്‍റെ താരമെന്ന് ദിലീപിനെ വിശേഷിപ്പിച്ചത് മലയാള സിനിമയിലെ മറ്റൊരു സൂപ്പര്‍ സ്റ്റാറാണ്.

ദിലീപിനെ മനസ്സുകൊണ്ട് അംഗീകരിക്കാന്‍ ആദ്യം മടികാണിച്ചവര്‍ പോലും ഇപ്പോള്‍ ഉള്ളാലെ ഈ ചെറുപ്പക്കാരനെ അഭിനന്ദിക്കുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മലയാളികളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു നായകനടന്‍ ഇല്ലെന്നു തന്നെ പറയാം.

മിമിക്രി വേദികളില്‍ നിന്ന് സംവിധായകന്‍ കമലിന്‍റെ ശിഷ്യനായാണ് ഗോപാലകൃഷ്ണനെന്ന ദിലീപ് സിനിമയിലെത്തുന്നത്. എന്നോടിഷ്ടം കൂടാമോ എന്ന കമല്‍ ചിത്രത്തില്‍ മുഖം കാണിച്ചതാണ് ആദ്യ അഭിനയാനുഭവം.

പിന്നീട് കൊക്കരക്കോ, ത്രീ മെന്‍ ആര്‍മി, മാനത്തെ കൊട്ടാരം, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, മലയാളമാസം ചിങ്ങം ഒന്നിന് തുടങ്ങിയ ചെറിയ സിനിമകള്‍. ജോഷിയുടെ സൈന്യം, രാജസേനന്‍റെ സ്വപ്നലോകത്തെ ബാലഭാസ്കര്‍ തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ വേഷങ്ങള്‍.

കരീം സംവിധാനം ചെയ്ത ഏഴരക്കൂട്ടമാണ് ദിലീപെന്ന നടന്‍റെ കഴിവ് ആദ്യമായി പ്രേക്ഷകര്‍ക്ക് മനസ്സിലാക്കി കൊടുത്തത്. ഏഴരക്കൂട്ടത്തിലെ 'അര'യെ ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ലോഹിതദാസുമുണ്ടായിരുന്നു.

PROPRO
ദിലീപിന്‍റെ പ്രണയകാലം

ദിലീപിനെ ലോഹിതദാസ് വിളിപ്പിച്ചത് താന്‍ തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തിലെ നായകവേഷം ചെയ്യാനായിരുന്നു. ആ സിനിമയില്‍ അഭിനയിക്കാന്‍ ഒരു പുതിയ പെണ്‍കുട്ടിയെയും ലോഹിതദാസ് കണ്ടെത്തിയിയിരുന്നു, മഞ്ജു വാര്യര്‍! ലോഹി തന്നെയാണ് മഞ്ജുവിനെ ദിലീപിനു പരിചയപ്പെടുത്തിയത്.

ദിലീപ്-മഞ്ജു പ്രണയകഥ അവിടെ തുടങ്ങുന്നു. ലോഹിതദാസ് തിരക്കഥയെഴുതി സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം ദിലീപിന്‍റെ ജീവിതത്തിലെ വഴിത്തിരിവായി. സല്ലാപത്തിലെ ജൂനിയര്‍ യേശുദാസായി മിന്നുന്ന പ്രകടനമായിരുന്നു ദിലീപിന്‍റേത്.

കുടമാറ്റം, ഉല്ലാസപ്പൂങ്കാറ്റ്, അനുരാഗക്കൊട്ടാരം,മായപ്പൊന്മാന്‍,കൈക്കുടന്ന നിലാവ്, തൂവല്‍കൊട്ടാരം,നീ വരുവോളം,മീനത്തില്‍ താലികെട്ട്, കളിയൂഞ്ഞാല് , മേഘം തുടങ്ങിയ സിനിമകളിലൂടെ ദിലീപ് വളരുകയായിരുന്നു.

കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന് എന്ന സിനിമയ്ക്കും ദിലീപിന്‍റെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ഈ സിനിമയുടെ ലൊക്കേഷനിലാണ് മഞ്ജുവും ദിലീപും തമ്മിലുള്ള പ്രണയം കൊടുമ്പിരി കൊള്ളുന്നത്. ഇരുവരുടെയും പ്രണയരഹസ്യം സിനിമാലോകത്ത് പരസ്യമായതും ഈ കാലത്താണ്.

ഒടുവില്‍ വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് ദിലീപും മഞ്ജുവും ഒന്നിച്ചു. ഗോപാലകൃഷ്ണന്‍റെ ജീവിതയാത്രയിലെ മറ്റൊരു വഴിത്തിരിവ്.

വിവാഹം കഴിഞ്ഞ് കുറച്ചു നാള്‍ ദിലീപിന് അത്ര നല്ല സമയമല്ലായിരുന്നു. മലയാളസിനിമയിലെ ഏറ്റവും അനുഗ്രഹീതയായ നടിയെ തട്ടിയെടുത്ത ചെക്കനായി കുറെ നാള്‍ ദിലീപ്.

അവസരങ്ങള്‍ കുറഞ്ഞു. സിനിമാലോകത്ത് ദിലീപ് ഒറ്റപ്പെട്ടു. അഭിനയിക്കുന്ന ചിത്രങ്ങളാകട്ടെ വിജയം കണ്ടതുമില്ല. ഇവിടെയും ദിലീപിനു രക്ഷകനായത് ലോഹിതദാസാണ്. ജോക്കറിലെ ബാബു എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. ഇവിടെ ഗോപാലകൃഷ്ണന്‍റെ അശ്വമേധം തുടങ്ങുകയായിരുന്നു.

ഇനി വിജയങ്ങളുടെ കഥയാണ്.ഒന്നിനു പിറകെ മറ്റൊന്ന് എന്ന രീതിയില്‍ ദിലീപ് വിജയങ്ങള്‍ സൃഷ്ടിച്ചു. പറക്കും തളിക, ഉദയപുരം സുല്‍ത്താന്‍,രാക്ഷസരാജാവ് ,ചന്ദ്രനുദിക്കുന്ന ദിക്കില്‍, തെങ്കാശിപ്പട്ടണം, സൂത്രധാരന്‍, കുബേരന്‍, ഇഷ്ടം, ഗ്രാമഫോണ്‍, സദാനന്ദന്‍റെ സമയം എന്നിങ്ങനെ ഗോപാലകൃഷ്ണന്‍ വിജയയാത്ര തുടര്‍ന്നു.

ഇതിനിടെ വിജയകാന്തിന്‍റെ സഹോദരന്‍റെ വേഷത്തില്‍ രാജ്യം എന്ന തമിഴ് ചിത്രത്തിലും ദിലീപ് അഭിനയിച്ചു.

PROPRO
ദിലീപിന്‍റെ അശ്വമേധം

ഉദയപുരം സുല്‍ത്താന്‍റെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍ക്കെതിരെ ദിലീപ് കേസ് കൊടുത്തത് ഈ സമയത്താണ്. വീണ്ടും ഒരു പരീക്ഷണത്തെ നേരിടുകയായിരുന്നു ദിലീപ്.

ധിക്കാരിയായ ഈ ചെറുപ്പക്കാരനെ സിനിമാരംഗത്തു നിന്നും രണ്ടു വര്‍ഷത്തേക്ക് മാറ്റി നിര്‍ത്താന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചു. എന്നാല് ദിലീപിനെ ജനങ്ങള്‍ക്കു വേണമായിരുന്നു. ഒരു വിലക്കിനും തടഞ്ഞു നിര്‍ത്താനാവാത്ത രീതിയില്‍ ദിലീപ് എന്ന താരം വളര്‍ന്നു കഴിഞ്ഞിരുന്നു.

ദിലീപിന് ലാല്‍ ജോസ് നല്ക്കിയ സമ്മാനമാണ് മീശമാധവന്‍. മലയാളത്തിലെ ഏറ്റവും മികച്ച പണം വാരിപ്പടങ്ങളിലൊന്നായി മീശമാധവന്‍ മാറി. പിന്നീട് വന്ന കുഞ്ഞിക്കൂനന്‍ മികച്ച വിജയമായി. മാത്രമല്ല ദിലീപിന്‍റെ അഭിനയജീവിതത്തിലെ ഒരു വെല്ലുവിളിയായിരുന്നു കുഞ്ഞിക്കൂനനിലെ കുഞ്ഞന്‍.

ഇരട്ട വേഷങ്ങളിലാണ് കുഞ്ഞിക്കൂനനില്‍ ദിലീപ് പ്രത്യക്ഷപ്പെട്ടത്. മീശമാധവനിലെ അഭിനയത്തിന് ഫിലിം ഫെയര്‍ അവാര്‍ഡും കുഞ്ഞിക്കൂനന് ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചു.

തിളക്കം, കല്യാണരാമന്‍, കുബേരന്‍,വാര്‍ ആന്‍റ് ലവ് തുടങ്ങിയ ഹിറ്റുകളിലൂടെ മുന്നേറുമ്പോഴാണ് ദിലീപ് സി.ഐ.ഡി മൂസ എന്ന ചിത്രം നിര്‍മ്മിക്കുന്നത്. ആ സാഹസവും വന്‍ വിജയമായി മാറി. സി.ഐ.ഡി മൂസയിലൂടെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട താരമായി ദിലീപ്.

വെട്ടം എന്ന സിനിമയുടെ വിജയകാരണവും കുട്ടികളുടെ തള്ളിക്കയറ്റമായിരുന്നു. കുടുംബങ്ങളുടെയും കുട്ടികളുടെയും നായകനില്‍ നിന്ന് ആക്ഷന്‍ ഹീറോയിലേക്കുള്ള മാറ്റമായിരുന്നു റണ്‍വേ.

ഇപ്പോള്‍ ലാല്‍ജോസിന്‍റെ രസികന്‍, ടി.വി. ചന്ദ്രന്‍റെ കഥാവശേഷന്‍ എന്നീ ചിത്രങ്ങളിലാണ് ദിലീപ് അഭിനയിക്കുന്നത്. ജയസൂര്യയുടെ സ്പീഡ്, റാഫി-മെക്കാര്‍ട്ടിന്‍റെ പാണ്ടിപ്പട എന്നിവയാണ് ദിലീപിന്‍റെ അടുത്ത പ്രൊജക്ടുകള്‍. 2008 വരെ ഈ താരത്തിന്‍റെ ഡേറ്റുകള്‍ വിവിധസംവിധായകര്‍ക്കായി പകുത്തു കൊടുത്തു കഴിഞ്ഞു.

പണ്ട് ആയിരം രൂപ പ്രതിഫലത്തിന് മിമിക്രി കാണിച്ചു നടന്ന ദിലീപിന്‍റെ ഇപ്പോഴത്തെ പ്രതിഫലം എത്രയെന്നോ?- അമ്പത് ലക്ഷം രൂപ!

ഗോപാലകൃഷ്ണന്‍ യാത്ര തുടരുകയാണ്.