ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ആ സിനിമ റിലീസ് ചെയ്യണമെന്ന് ആഗ്രഹിച്ചു, ഹൃത്വിക്കിന്‍റെ സൂപ്പര്‍ 30യിലെ ‘യഥാര്‍ത്ഥ നായകന്‍’ പറയുന്നു!
വ്യാഴം, 11 ജൂലൈ 2019 (16:57 IST)
‘സൂപ്പര്‍ 30’ എന്ന ബോളിവുഡ് ചിത്രം പ്രദര്‍ശനത്തിന് തയ്യാറായി. ഈ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ വന്‍ തരംഗമായി മാറിയിരുന്നു. ഹൃത്വിക് റോഷന്‍ നായകനാകുന്ന ഈ സിനിമ ആനന്ദ് കുമാര്‍ എന്ന ഗണിതശാസ്ത്രജ്ഞന്‍റെ ജീവിതകഥയാണ് പറയുന്നത്. ചിത്രം എത്രയും പെട്ടെന്ന് റിലീസ് ചെയ്യണമെന്ന് ആനന്ദ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. അതിനൊരു കാരണമുണ്ട്.
ചെവിയില്‍ നിന്നും തലച്ചോറിലേക്കുള്ള പ്രധാന നാഡീവ്യൂഹത്തിനരികെ ട്യൂമര്‍ ബാധിച്ച് അതിന്‍റെ ചികിത്സയിലാണ് ആനന്ദ് കുമാര്‍ ഇപ്പോള്‍. തന്നേക്കുറിച്ചുള്ള സിനിമ അതുകൊണ്ടുതന്നെ എത്രയും വേഗം കാണാനാണ് ആനന്ദ്‌കുമാര്‍ ആഗ്രഹിക്കുന്നത്.
താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്‍റെ ജീവിതയാത്രയും വര്‍ക്കുകളും സിനിമയില്‍ കാണണമെന്ന ആഗ്രഹമാണ് ഈ ഗണിതശാസ്ത്രജ്ഞന് ഇപ്പോഴുള്ളത്. “ജീവിതത്തെയും മരണത്തെയും കുറിച്ച് നമുക്ക് ഒന്നുമറിയില്ല. അതുകൊണ്ടുതന്നെ ഈ ബയോപിക് ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പുറത്തിറങ്ങണമെന്ന് ആഗ്രഹിച്ചു” - ആനന്ദ് കുമാര്‍ പറയുന്നു.
“2014ല്‍ എനിക്ക് വലതുചെവിയുടെ കേള്‍വിശക്തി നഷ്ടമായി. നിരവധി ചികിത്സയ്ക്കും ടെസ്റ്റുകള്‍ക്കും ശേഷം മനസിലായത് വലതുചെവിയുടെ 80 - 90 ശതമാനം കേള്‍വിശക്തിയും നഷ്ടമായി എന്നാണ്. പിന്നീട് ഡല്‍ഹിയില്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അത് ട്യൂമര്‍ മൂലമാണെന്ന് കണ്ടെത്തിയത്” - ആനന്ദ് കുമാര്‍ പറയുന്നു. ഇപ്പോള്‍ മുംബൈ ഹിന്ദുജ ഹോസ്പിറ്റലിലെ പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ.ബി കെ മിശ്രയുടെ ചികിത്സയിലാണ് ആനന്ദ് കുമാര്‍.
ഹൃത്വിക് റോഷനല്ലാതെ മറ്റാര്‍ക്കും തന്‍റെ ജീവിതത്തെ സ്ക്രീനില്‍ മനോഹരമായി അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് ആനന്ദ് കുമാര്‍ വിശ്വസിക്കുന്നു. “ഞാന്‍ ഹൃത്വിക് സാറുമായി ദിവസവും സംസാരിക്കുമായിരുന്നു. അദ്ദേഹം എന്‍റെ ജീവിതത്തേപ്പറ്റി ഒരു 150 മണിക്കൂര്‍ വീഡിയോ ചിത്രീകരിച്ചു. അതില്‍ എന്‍റെ ദിവസേനയുള്ള ജീവിതരീതി എങ്ങനെയാണെന്ന് വ്യക്തമായി കാണാം. ഞാന്‍ എന്‍റെ കുട്ടികളുമൊത്ത് പുറത്തുപോകുന്നത്, പട്‌നയിലെ ജനങ്ങളുമായുള്ള എന്‍റെ ആശയവിനിമയം എല്ലാം അതില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. എന്‍റെ സ്റ്റൈല്‍ അത് നോക്കി പരിശീലിക്കുകയാണ് അദ്ദേഹം ചെയ്തത്” - ആനന്ദ് കുമാര്‍ പറയുന്നു.
“ഞാന്‍ സൂപ്പര്‍ 30യുടെ തിരക്കഥ 13 തവണ വായിച്ചു. ആ തിരക്കഥ വായിച്ചുകൊണ്ട് ഞാനും ഹൃത്വിക് സാറും സമയം ചെലവഴിക്കുന്നത് പതിവായിരുന്നു. എന്‍റെ ജീവിതത്തേക്കുറിച്ചും ഞാന്‍ നേരിട്ട പ്രശ്നങ്ങളേക്കുറിച്ചുമൊക്കെ അദ്ദേഹം നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും” - ആനന്ദ് കുമാര്‍ പറയുന്നു.
വെള്ളിയാഴ്ചയാണ് സൂപ്പര്‍ 30 പ്രദര്‍ശനത്തിനെത്തുന്നത്. ധനിക വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു വലിയ കോച്ചിംഗ് സെന്‍ററിലെ അധ്യാപക ജോലി ഉപേക്ഷിച്ച ശേഷം, പാര്‍ശ്വവത്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ച ആനന്ദ്‌കുമാറിന്‍റെ ജീവിതം പറയുന്ന സിനിമ വന്‍ ഹിറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.