രണ്ടാമൂഴം ചെയ്യുന്നത് ശ്രീകുമാര്‍ മേനോനാണെന്ന് ഇപ്പോള്‍ പറയാനാവില്ല: ബി ആര്‍ ഷെട്ടി

തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (15:05 IST)
രണ്ടാമൂഴം എന്ന പ്രൊജക്ട് വലിയ വിവാദത്തിന്‍റെ നടുവിലാണ് ഇപ്പോള്‍. ചിത്രത്തിന്‍റെ തിരക്കഥ തിരികെ വേണമെന്ന് തിരക്കഥാകൃത്ത് എം ടി വാസുദേവന്‍ നായര്‍ ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ചിത്രത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
 
എം ടിയുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ പല രീതിയില്‍ ശ്രമങ്ങള്‍ തുടരുകയാണ്. അതിനിടെ, എം ടിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും ശ്രീകുമാര്‍ മേനോന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചിട്ടുണ്ട്. അതിന്‍റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും.
 
എന്നാല്‍ പ്രൊജക്ട് 1000 കോടി രൂപ മുടക്കി നിര്‍മ്മിക്കാന്‍ തയ്യാറായ ബിസിനസുകാരന്‍ ബി ആര്‍ ഷെട്ടിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ‘എനിക്ക് മഹാഭാരതം സിനിമ നിര്‍മ്മിക്കണമെന്ന് മാത്രമാണ് ആഗ്രഹം. അത് ആരുടെ തിരക്കഥയാണെന്നത് വിഷയമല്ല. ആ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആയിരിക്കുമോ എന്ന് പറയാറായിട്ടില്ല” എന്നാണ് ബി ആര്‍ ഷെട്ടി വെളിപ്പെടുത്തിയിരിക്കുന്നത്.
 
രണ്ടാമൂഴത്തിന് സമാന്തരമായി തന്നെ ആമിര്‍ഖാന്‍ ‘മഹാഭാരതം’ എന്ന പ്രൊജക്ടിനായുള്ള ശ്രമങ്ങളിലായിരുന്നു. ബി ആ ഷെട്ടി ആ പ്രൊജക്ടിലേക്ക് മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഷെട്ടിയുടെ വാക്കുകള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍