വയറു നിറച്ച് ഉണ്ട്, എസിയിൽ ഇരുന്ന് ഉറങ്ങുന്നവർക്ക് പറ്റിയ സിനിമയാണ് ബാഹുബലി; ജൂറിയുടെ തീരുമാനത്തെ പരസ്യമായി എതിർത്തുകൊണ്ട് ടി പത്മനാഭൻ

വ്യാഴം, 31 മാര്‍ച്ച് 2016 (14:48 IST)
മികച്ച ചലച്ചിത്രത്തിന് ദേശീയ അവാർഡു ലഭിച്ച ബാഹുബലി യുക്തിക്ക് യോജിക്കാത്ത ഒരു പീറ സിനിമയാണെന്ന പരസ്യ പ്രഖ്യാപനവുമായി പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ രംഗത്ത്. ബാഹുബലി പോലൊരു ചിത്രത്തിന് ദേശീയ അവാർഡ് നൽകിയത് യുക്തിഹീനമാണെന്നും ഇത് വഴിതെറ്റിക്കുന്ന പ്രവർത്തിയാണെന്നും അദ്ദേഹം പ്രശസ്തമാധ്യമത്തിലൂടെ പറഞ്ഞു.
 
ബാഹുബലിയ്ക്ക് അവാർഡ് നൽകിയത് തെറ്റാണെന്ന് താൻ എവിടെ വേണമെങ്കിലും പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിവുള്ള ഒരുപാട് ചെറുപ്പക്കാർ സിനിമയെടുക്കുന്നുവെന്നും ഈ അവാർഡ് അവർക്ക് ലഭിക്കേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു. കണ്ട് മടുത്ത് പാതിവഴിയിൽ ഇറങ്ങിപ്പോന്ന സിനിമയാണ് ബാഹുബലിയെന്നും അവാർഡ് നൽകുന്നതിലൂടെ ഇതൊക്കെ ഒരു സിനിമയാണെന്ന വിശ്വാസമുണ്ടാക്കുന്നു എന്നതാണ് സഹിക്കാൻ പറ്റാത്ത മറ്റൊരു വസ്തുതയെന്നും അദ്ദേഹം അറിയിച്ചു.
 
വയറ് നിറച്ച്, എസിയിൽ ഇരുന്ന് ഉറങ്ങുന്നവർക്ക് നൽകാൻ പറ്റുന്ന സിനിമയാണ് ബാഹുബലിയെന്നും ഇതിന് ദേശീയ അവാർഡ് നൽകുമ്പോൾ ഇന്ത്യൻ സിനിമയുടെ നിലവാരം എവിടെയാണെന്ന കാര്യത്തിൽ സംശയം നിലനിൽക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാഹുബലിയ്ക്ക് മികച്ച സിനിമക്കുള്ള ദേശീയ അവാർഡ് നൽകിയതിനെ എതിർത്തുകൊണ്ട് ഡോ ബിജു, സനൽകുമാർ ശശിധരൻ തുടങ്ങിയ പ്രമുഖർ രംഗത്തെത്തിയതിനു പിന്നാലെയാണ് ടി പത്മനാഭന്റേയും പരസ്യ പ്രഖ്യാപനം.
 

വെബ്ദുനിയ വായിക്കുക