സൂപ്പര്‍സ്റ്റാറായാലും തിരക്കഥ തിരുത്തിയാല്‍ അംഗീകരിക്കില്ല!
ചൊവ്വ, 10 ജനുവരി 2012 (16:26 IST)
താന്‍ എഴുതുന്ന തിരക്കഥ ആരെങ്കിലും തിരുത്താന്‍ ശ്രമിച്ചാല്‍ അത് അംഗീകരിക്കില്ലെന്ന് പ്രമുഖ തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര. സൂപ്പര്‍സ്റ്റാറുകള്‍ തിരക്കഥ തിരുത്താന്‍ ശ്രമിച്ചാലും ഇതുതന്നെയായിരിക്കും തന്‍റെ നിലപാടെന്നും കൃഷ്ണ പറയുന്നു.
“ഒരു കഥ പറഞ്ഞ് ഡേറ്റ് നല്‌കിക്കഴിഞ്ഞാല്‍ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് സംവിധായകനിലും തിരക്കഥാകൃത്തിലും വിശ്വാസം ഉണ്ടാവണം. വിശ്വാസം ഇല്ലാതായാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. നല്ല സിനിമയെന്നത് സൗഹൃദത്തിന്‍റെയും കൂട്ടായ്‌മയുടെയും പ്രതിഫലനമാണ്. തിരക്കഥാകൃത്തും സംവിധായകനും ചര്‍ച്ചചെയ്‌ത് ചിത്രീകരിക്കുന്ന സീനുകള്‍ വെട്ടിത്തിരുത്താന്‍ താരങ്ങള്‍ തയ്യാറാവുന്നത് ശരിയായ പ്രവണതയല്ല. അഭിനയിക്കുകയെന്ന ദൗത്യമാണ് പ്രധാനം. അതല്ലാതെ, ഒരിക്കലും താരങ്ങള്‍ തിരക്കഥകളില്‍ കൈവയ്ക്കരുത്” - ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കൃഷ്ണ പൂജപ്പുര പറയുന്നു.
ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്സ്, സകുടുംബം ശ്യാമള, ജനപ്രിയന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ കൃഷ്ണ പൂജപ്പുരയുടെ ഫോര്‍ ഫ്രണ്ട്സ്, കുഞ്ഞളിയന്‍ എന്നീ സിനിമകള്‍ക്ക് ബോക്സോഫീസില്‍ തിരിച്ചടി നേരിട്ടിരുന്നു.
“ഫോര്‍ ഫ്രണ്ട്‌സിന്‍റേത് ജീവിതഗന്ധിയായ നല്ല കഥയാണ്. പക്ഷേ, ചിത്രത്തിന്‍റെ പോസ്‌റ്റര്‍ കണ്ടപ്പോള്‍ ഇതൊരു ആഘോഷ ചിത്രമാണെന്ന് ജനങ്ങള്‍ വിചാരിച്ചു. സത്യത്തില്‍ ഞങ്ങളുടെ ടീമില്‍നിന്ന് പ്രതീക്ഷിച്ചത് ജനങ്ങള്‍ക്ക് കിട്ടിയില്ല.” - ഫോര്‍ ഫ്രണ്ട്സിന്‍റെ പരാജയത്തെക്കുറിച്ച് കൃഷ്ണ പൂജപ്പുര പറയുന്നു.