രേവതി നായികയാകുന്ന ലവ് സ്റ്റോറി, പാട്ടുകളില്ലാത്ത സിനിമ - ഷങ്കറിന്‍റെ സ്വപ്നങ്ങള്‍!

ബുധന്‍, 7 ജനുവരി 2015 (15:22 IST)
സ്വപ്നത്തിന്‍റെ വ്യാപാരികളാണ് സിനിമാ സംവിധായകരെന്നാണ് പറച്ചില്‍. തമിഴ് സംവിധായകന്‍ ഷങ്കറിനെ സംബന്ധിച്ച് അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. വിസ്മയകരമായ സ്വപ്നങ്ങളാണ് ഷങ്കര്‍ തന്‍റെ സിനിമകളിലൂടെ യാഥാര്‍ത്ഥ്യമാക്കിയത്. സ്വപ്നങ്ങളില്‍ മാത്രം കാണാന്‍ സാധ്യതയുള്ള ഗാനരംഗങ്ങളും ആക്ഷന്‍ രംഗങ്ങളുമാണ് ഷങ്കര്‍ സാധ്യമാക്കിയത്.
 
ഇപ്പോള്‍ നൂറുകണക്കിന് കോടികള്‍ മുടക്കി ഷങ്കര്‍ സംവിധാനം ചെയ്ത 'ഐ'യുടെ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയമാണ്. ഐക്ക് ശേഷവും വമ്പന്‍ ബജറ്റ് സിനിമകള്‍ തന്നെ തുടര്‍ച്ചയായി എടുക്കാനാണോ ഷങ്കറിന്‍റെ പദ്ധതി?
 
ഇത്രയും വലിയ ബജറ്റുള്ള സിനിമകള്‍ ചെയ്ത് താന്‍ ബോറടിച്ചിട്ടൊന്നുമില്ല എന്ന് ഷങ്കര്‍ പറയുന്നു. മാത്രമല്ല, ചെറിയ സിനിമകള്‍ ചെയ്യാന്‍ ഇഷ്ടം പോലെ സംവിധായകര്‍ ഇവിടെയുണ്ടെന്നും തന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം തുറന്നുപറയും.
 
എന്നാല്‍ ഷങ്കറിനുമുണ്ട് ചില ചെറിയ സിനിമകളുടെ സ്വപ്നങ്ങള്‍. അതിലൊന്ന്, രേവതിയെ നായികയാക്കി ഒരു ഗ്രാമീണ പ്രണയകഥയാണ്. മറ്റൊന്ന് ഗാനങ്ങളൊന്നുമില്ലാത്ത ഒരു സിനിമയും.
 
ഇതില്‍ ഗാനങ്ങളൊന്നുമില്ലാത്ത സിനിമയുടെ തിരക്കഥയും ഷങ്കര്‍ തയ്യാറാക്കിക്കഴിഞ്ഞു. ഉടനെങ്ങാന്‍ ഈ സിനിമകള്‍ യാഥാര്‍ത്ഥ്യമാകുമോ? കാത്തിരിക്കാം.

വെബ്ദുനിയ വായിക്കുക