മോഹന്‍ലാലിന്‍റെ സിനിമകളെല്ലാം ഗംഭീരമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ വേണു. ചില സിനിമകളില്‍ ലാലിന്‍റെ പ്രകടനം ആവശ്യത്തില്‍ കൂടുതല്‍ നാടകീയമാകുന്നു എന്നും വേണുവിന്‍റെ നിരീക്ഷണം.
ഒരു സിനിമാവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെക്കുറിച്ചുള്ള വേണുവിന്‍റെ അഭിപ്രായപ്രകടനങ്ങള്‍.
നല്ല ശബ്ദവും മുഖവും ശരീരവുമൊക്കെ അഭിനേതാക്കളുടെ ടൂള്‍സാണ്. എന്നാല്‍ മോഹന്‍ലാലിനെ സംബന്ധിച്ച് ഇതൊന്നും അദ്ദേഹത്തിന് ഫേവറബിളായിരുന്നില്ല. പെര്‍ഫെക്ട് ഫോട്ടോ ഫേസുള്ള നടനല്ല ലാല്‍. എന്നിട്ടും കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിലേറെയായി മോഹന്‍ലാല്‍ സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കില്‍ അതിനുകാരണം അദ്ദേഹത്തിന്‍റെ പെര്‍ഫോമന്‍സാണ് - വേണു വിലയിരുത്തുന്നു.
ഫീച്ചേഴ്സല്ല, അഭിനയമാണ് മോഹന്‍ലാലിന്‍റെ സൌന്ദര്യം. മോഹന്‍ലാലിന്‍റെ കണ്ണുകളാണ് എനിക്ക് ആകര്‍ഷകമായി തോന്നിയിട്ടുള്ളത്. വളരെ ലൈവ്‌ലിയായ കണ്ണുകളാണ് അദ്ദേഹത്തിന്‍റേത് - വേണു പറയുന്നു.
മോഹന്‍ലാലിന്‍റെ ചില സിനിമകള്‍ കാണുമ്പോള്‍ അദ്ദേഹത്തിന് ഇത് ആവശ്യമുണ്ടായിരുന്നോ എന്നുതോന്നും. ചില സിനിമകളില്‍ മോഹന്‍ലാലിന്‍റെ പ്രകടനം ആവശ്യത്തില്‍ കൂടുതല്‍ നാടകീയമാകും. ഇതൊന്നും ഒരുപക്ഷേ അദ്ദേഹം ബോധപൂര്‍വം ചെയ്യുന്നതായിരിക്കില്ല. ആ സിനിമയുടേ സാഹചര്യമാകാം. സംവിധായകന്‍ അത് ആവശ്യപ്പെടുന്നുണ്ടാകാം. അപ്പോഴും, ലാലിന് വീഴ്ച പറ്റിയെന്നേ ഞാന്‍ പറയൂ - വേണു പറയുന്നു.